ആധിയോടെ നെൽകർഷകർ. ചതിക്കുമോ തുലാമഴ.

Friday 04 November 2022 12:00 AM IST

കോട്ടയം: അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലെ കൊയ്ത് തുലാമഴയിൽ കുതിരുന്നു. നെല്ല് സംഭരിക്കാൻ സ്വകാര്യമില്ലുകൾ തയ്യാറായതിന്റെ സന്തോഷം കെടുത്തുന്നതായി തുലാമഴ അതി ശക്തമെന്ന കാലാവസ്ഥാ പ്രവചനം .

കൊയ്തുകഴിഞ്ഞ് കൂട്ടിയിട്ടിരിക്കുന്ന നെല്ല് മഴയിൽ കിളിർക്കാതെ നോക്കണം. കൊയ്യാൻ പാകമായി കതിർ തൂങ്ങിയ നെൽച്ചെടികൾ തുലാമഴയി​ൽ നിലംപൊത്തുമോ എന്ന ആശങ്ക വേറേ.

ഇടിയും മിന്നലുമുള്ള മഴ ഒരാഴ്ചയി​ലേറെ നീളുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കളക്ടർ ഓറഞ്ച് അലർട്ടും, 5,6 തീയതികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് . 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ അതിശക്ത മഴയാണ് പ്രവചിച്ചിട്ടുള്ളത്.

മിക്ക പാടങ്ങളിലും നല്ല വിളവാണ് രണ്ടാം കൃഷിയിൽ പ്രതീക്ഷിക്കുന്നത്. മഴ തുടർന്നാൽ നെൽക്കതിർ ചാഞ്ഞ് നശിക്കും. നെല്ല് നിലം പൊത്തി വെള്ളത്തിലായാൽ കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കാനും ബുദ്ധിമുട്ടുണ്ട്. ഒന്നര മണിക്കൂർ കൊണ്ട് ഒരു ഏക്കറിൽ വിളവെടുപ്പ് പൂർത്തി​യായ ഇടത്ത് നാലുമണിക്കൂറോളം വേണ്ടിവരുന്നത് യന്ത്രവാടക കൂട്ടും . ഇത് കർഷകർക്ക് തിരിച്ചടിയാണ് . മണിക്കൂറിന് 2,200 രൂപയാണ് യന്ത്രവാടക.

മഴ തുടർന്നാൽ കൊയ്തു നീളും. നെല്ല് മഴയിൽ കുതിർന്നാൽ മില്ലുകൾ വില കുറയ്ക്കും. നനവ് പറഞ്ഞ് അധിക തൂക്കവും ഈടാക്കും.

വിളവെടുപ്പ് പൂർത്തിയാകുന്ന പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാൻ സിവിൽ സപ്‌ളൈസ് കോർപ്പറേഷൻ ചുമതലപ്പെടുത്തിയ സ്വകാര്യ മില്ലുകൾ സജീവമായുണ്ട്. മില്ലുകാരും കർഷകരുമായുള്ള തർക്കം ഒഴി​വാക്കാൻ പാഡി ഓഫീസർമാർ പരി​ശോധി​ക്കുന്നുണ്ട്. എന്നാൽ മഴ ശക്തമാകുന്നതോടെ നെല്ലിന്റെ ഗുണനിലവാരത്തെ ചൊല്ലി പരാതിയുമായി മില്ലുടമകൾ രംഗത്തെത്തും.

ഔട്ട് ടേൺ റേഷ്യോ 68 ശതമാനം.

100 കിലോ നെല്ല് സംഭരിക്കുമ്പോൾ നാല് കിലോ കിഴിവ് ചെയ്യുമെന്ന് മില്ലുകാർ.

നെല്ല് തിരിച്ച് അരിയാക്കി നൽകുന്നതിനുള്ള നിബന്ധനയിലും കടുംപിടിത്തം.

ഒരു ക്വി​ന്റൽ നെല്ലിന് മി​ല്ലുകാർ 68 കി​ലോ അരി​ സി​വി​ൽ സപ്ളൈസി​ന് നൽകണം.

പ്രതികൂല കാലാവസ്ഥയിൽ 58.59 കി​ലോയേ ലഭി​ക്കുകയുള്ളൂവെന്ന് മില്ലുടമകൾ.

നെൽകർഷകൻ ശിവദാസൻ പറയുന്നു.

തുലാമഴ ശക്തമായാൽ എല്ലാം താളം തെറ്റും. കർഷകരെ പിഴിയാൽ കാത്തിരിക്കുന്ന മില്ലുടമകൾ പുതിയ നിബന്ധനകളുമായി രംഗത്തുവരും. തർക്കമാകും. സംഭരണം പാളും. മഴ ശല്യം ചെയ്യാതിരുന്നാൽ ഭാഗ്യം.

Advertisement
Advertisement