ഹലാൽപൂരിലെ 'ഹലാൽ' അശുദ്ധം; ഹനുമാൻ ഗാർഹിയാക്കാൻ പ്രഗ്യാ താക്കൂറിന്റെ നിർദേശം സ്വീകരിച്ച് നഗരസഭ

Thursday 03 November 2022 8:50 PM IST

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സ്ഥലപ്പേരുകൾ മാറ്റാനായി നഗരസഭാ തീരുമാനം. തലസ്ഥാന നഗരിയിലെ രണ്ട് സ്ഥലങ്ങളുടെ പേരുകളാണ് ഇപ്രകാരം മാറ്റം വരുത്തുന്നത്. പഴയ പേരുകൾ അശുദ്ധമാണെന്ന വിലയിരുത്തലിലാണ് പുനർനാമകരണം നടത്തുന്നത്. ഭോപ്പാൽ എംപിയും വിവാദ ബിജെപി നേതാവുമായ സാധ്വി പ്രഗ്യാ സിങ് താക്കൂറിന്റെ നി‌ർദേശപ്രകാരമാണ് സ്ഥലപ്പേരുകളിൽ മാറ്റം വരുത്തുന്നതെന്നാണ് വിവരം. ഇതിനായുള്ള പ്രമേയങ്ങൾ നിലവിൽ നഗരസഭ പാസാക്കിയിട്ടുണ്ട്.

ഭോപ്പാലിലെ 'ഹലാൽപൂ'ർ ബസ്‌സ്റ്റാന്റിന്റെ പേര് 'ഹനുമാൻ ഗർഹി' ബസ്‌സ്റ്റാൻഡ് എന്നും 'ലാൽ ഘാട്ടിയ' എന്ന സ്ഥലപ്പേര് 'മഹേന്ദ്ര നാരായൺ ദാസ് ജി മഹാരാജ് സർവേശ്വര ചൗര' എന്നാക്കി മാറ്റാനുമാണ് വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ നഗരസഭ തീരുമാനം എടുത്തിരിക്കുന്നത്. ഹലാൽ പൂരിലെ 'ഹലാൽ' എന്ന വാക്ക് അശുദ്ധമാണ് അതിനാൽ അടിമത്തത്തിന്റെ ചിഹ്നം നീക്കം ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ ചരിത്രം മാറ്റിമറിക്കുന്ന തരത്തിൽ നാം ശക്തരാകും. കൂടാതെ ഭോപ്പാലിന്റെ ചരിത്രം മാറ്റിയെഴുതാനും നമ്മൾ തയ്യാറാണ്, പ്രഗ്യാ സിങ് താക്കൂർ പുനർനാമകരണത്തെക്കുറിച്ച് അഴിപ്രായപ്പെട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി കൊലപാതകങ്ങൾക്ക് സാക്ഷിയായത് മൂലം രക്തം കലർന്ന ഭൂതകാലം മറക്കുന്നതിനായി ലാൽ ഘാട്ടിയുടെ പേരുമാറ്റം അനിവാര്യമാണെന്നും ഭോപ്പാൽ എം പി കൂട്ടിച്ചേർത്തു. നാഥുറാം വിനായക് ഗോഡ്സെയെ രാജ്യ സ്നേഹി എന്ന് വിശേഷിപ്പിച്ചതിനും ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങൾ കൊണ്ടും വിവാദങ്ങളിൽ ഇടം പിടിച്ച നേതാവാണ് പ്രഗ്യാ സിങ് താക്കൂർ.