ഡി.ഡി.എഫ് -കോൺഗ്രസ് ലയനസമ്മേളനം 20ന്: ഈസ്റ്റ് എളേരിയിൽ ഉടക്ക് തീർന്ന് മടക്കം

Thursday 03 November 2022 9:34 PM IST
ഡി. ഡി.എഫ് നേതാവ് ജെയിംസ് പന്തമാക്കലിനെയും സഹപ്രവർത്തകരെയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ സാന്നിധ്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പി ഇന്ദിരാഭവനിൽ സ്വീകരിക്കുന്നു.

കാസർകോട് : ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജെയിംസ് പന്തമ്മാക്കൽ നേതൃത്വം നൽകി വന്നിരുന്ന ഡി.ഡി.എഫ് കോൺഗ്രസിൽ ലയിച്ചു. ഒരു പതിറ്റാണ്ടിലേറെയായി കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ജയിംസ് പന്തമ്മാക്കൽ ഉൾപ്പെട്ട ഡി.ഡി.എഫ് പ്രവർത്തകർ സി.പി.എം പിന്തുണയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇന്നലെ രാജ്‌മോഹൻ ഉണ്ണിത്താൻ എം. പിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് എത്തിയാണ് പാർട്ടിയിൽ ചേർന്നത്.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ പ്രത്യേക താൽപര്യ പ്രകാരമാണ് ജെയിംസ് പന്തൻമാക്കലും സഹപ്രവർത്തകരും കോൺഗ്രസ്‌ പാർട്ടിയിൽ തിരിച്ചെത്തിയത്. കെ.പി.സി.സി പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിനെ സ്വീകരിച്ചു. ഉച്ചതിരിഞ്ഞാണ് സംഘത്തിന് ചർച്ചയ്ക്ക് സമയം നൽകിയത് .

ജയിംസ് പന്തമ്മാക്കലിനു പുറമെ ഡി.ഡി.എഫ് ചെയർമാൻ ജിജോ പി.ജോസഫ് , കൺവീനർ ജിജി കമ്പല്ലൂർ സെക്രട്ടറി സെബാസ്റ്റ്യൻ പൂവത്താനി , ട്രഷറർ വിൻസന്റ് ഇലവുത്തുങ്കൽ, ജിന്റോ മുറിഞ്ഞ കല്ലേൽ , സണ്ണി കോയിത്തുരുത്തേൽ, വാർഡ് മെമ്പർമാരായ ഫിലോമിന ജോണി, വിനീത് റ്റി ജോസഫ് ,ജിജി തച്ചാറു കുടി, ഡെറ്റി ഫ്രാൻസിസ് , ഷേർലി ചീങ്കല്ലേൽ , വർഗ്ഗീസ് പന്തമ്മാക്കൽ, എന്നിവരും പങ്കെടുത്തു. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് ഡി.സി.സി യെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഡി.ഡി.എഫ് - കോൺഗ്രസ് ലയന സമ്മേളനം നവംബർ 20 ന് ചിറ്റാരിക്കാൽ ടൗണിൽ വച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെയും, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി യുടെയും സാന്നിദ്ധ്യത്തിൽ നടക്കും.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ഒരുക്കം
ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് വ്യക്തമാക്കി ജയിംസ് പന്തമ്മാക്കൽ കെ.പി സി സി പ്രസിഡന്റ് കെ.സുധാകരന് കത്ത് നൽകി. എന്നാൽ ഇതിൽ പിന്നീട് തീരുമാനമെടുക്കാമെന്നായിരുന്നു സുധാകരൻ അറിയിച്ചത്.

പടം.. ഡി. ഡി എഫ് നേതാവ് ജെയിംസ് പന്തന്മാക്കലിനെയും സഹപ്രവർത്തകരെയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ സാന്നിദ്ധ്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഇന്ദിരാഭവനിൽ സ്വീകരിക്കുന്നു.

കോട്ട പിടിച്ച് കോൺഗ്രസ്

കാസർകോട് ജില്ലയിൽ കോൺഗ്രസിന്റെ നെടുങ്കോട്ടയായി അറിയപ്പെടുന്ന ഈസ്റ്റ് എളേരിയിൽ കോൺഗ്രസിൽ നിന്ന് പിളർന്ന ഒരു വിഭാഗമാണ് ജയിംസ് പന്തമാക്കലിന്റെ നേതൃത്വത്തിൽ ഡി.ഡി.എഫ് രൂപീകരിച്ചത്. പ്രാദേശിക തലത്തിലുള്ള ഭിന്നത ജില്ലാനേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമായതോടെയായിരുന്നു ഇവരുടെ മാറ്റം.ഇതിന് ശേഷം രണ്ടുതവണയും ഈസ്റ്റ് എളേരി ഡി.ഡി.എഫിനായിരുന്നു. ഏറ്റവുമൊടുവിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡി.ഡി.എഫും യു.ഡി.എഫും ഏഴുവീതം വാർഡുകളിലും എൽ.ഡി.എഫ് രണ്ട് വാർഡുകളിലും ജയിച്ചു. എൽ.ഡി.എഫ് പിന്തുണയിലായിരുന്നു ഡി.ഡി.എഫ് ഭരണം.

Advertisement
Advertisement