ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനും വോട്ടെടുപ്പ്, വോട്ടെണ്ണൽ ഡിസംബർ എട്ടിന്

Friday 04 November 2022 4:17 AM IST

ന്യൂഡൽഹി: മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ചതിന്റെ നടുക്കം വിട്ടുമാറും മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് തിരഞ്ഞെടുപ്പ് ചൂടിലേക്ക്. 182 അംഗ നിയമസഭയിലേക്ക് ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടുഘട്ടമായി വോട്ടെടുപ്പ്. നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഹിമാചൽ പ്രദേശിനൊപ്പം ഡിസംബർ എട്ടിന് വോട്ടെണ്ണൽ നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു. ഹിമാചലിൽ വോട്ടെടുപ്പ് നവംബർ 12നാണ്.

ഡൽഹിക്കും പഞ്ചാബിനും പിന്നാലെ ഗുജറാത്തും പിടിക്കാനൊരുങ്ങുന്ന ആംആദ്‌മി പാർട്ടിയുടെ സാന്നിദ്ധ്യം ത്രികോണ പോരാട്ടത്തിന് വഴിയൊരുക്കും. 27 വർഷമായി അധികാരത്തിലുള്ള ബി.ജെ.പി ലക്ഷ്യം മികച്ച ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച. കഴിഞ്ഞ തവണ ജയിച്ച 77 എം.എൽ.എമാരിൽ ചിലർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറിയത് തിരിച്ചടിയായതിനാൽ കോൺഗ്രസിന് ജീവന്മരണ പോരാട്ടം. വിലക്കയറ്റവും തൊഴിലില്ലായ്മയും മോർബി തൂക്കുപാലം തകർന്നതുമൊക്കെ മുഖ്യ പ്രചാരണ വിഷയമാകും. ബി.ജെ.പിക്കും കോൺഗ്രസിനും കനത്ത വെല്ലുവിളിയാണ് ആം ആദ്മി ഉയർത്തുന്നത്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചാൽ നേട്ടം ബി.ജെ.പിക്ക്.

ഒന്നാം ഘട്ടം

89 മണ്ഡലങ്ങൾ

 വിജ്ഞാപനം നാളെ

പത്രികാ സമർപ്പണം 14വരെ

 സൂക്ഷ്‌മ പരിശോധന 15ന്

പത്രിക പിൻവലിക്കൽ 17വരെ

രണ്ടാം ഘട്ടം

93 മണ്ഡലങ്ങൾ

വിജ്ഞാപനം 10ന്

പത്രികാ സമർപ്പണം 17വരെ

സൂക്ഷ്‌മ പരിശോധന 18ന്

പത്രിക പിൻവലിക്കൽ 21വരെ

ഓൺലൈൻ പത്രികാ സമർപ്പണത്തിന് സൗകര്യം

ആകെ വോട്ടർമാർ: 4,91,17,308

പുതിയ വോട്ടർമാർ: 3,24,420

 പോളിംഗ് ബൂത്തുകൾ 51,000

Advertisement
Advertisement