തോട്ടപ്പള്ളി പുലിമുട്ട് നിർമ്മാണം, വർഷം ഒന്നായി​, കല്ല് കി​ട്ടാനി​ല്ല

Friday 04 November 2022 12:45 AM IST
തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ട്

ആലപ്പുഴ: തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണം കരിങ്കൽ ക്ഷാമത്തെ തുടർന്ന് നിലച്ചിട്ട് ഒരു വർഷം. തുറമുഖത്തിന്റെ തെക്കുഭാഗത്തുള്ള പുലിമുട്ടിൽ നിന്ന് 750 മീറ്റർ കൂടി പടിഞ്ഞാറേക്കുള്ള നീട്ടലാണ് വൈകുന്നത്.

ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലുള്ള നിർമ്മാണ ജോലികൾക്ക് 31 കോടിയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഒരുവർഷം മുമ്പ് നിർമ്മാണം ആരംഭിച്ചെങ്കിലും കല്ലിന്റെ ക്ഷാമം മൂലം 74 മീറ്റർ മാത്രമാണ് പൂർത്തിയാക്കിയത്. ഓഖി ഫണ്ടിൽ ഉൾപ്പെടുത്തി 11.89 കോടി ചെലവഴിച്ച് നിലവിലുള്ള പുലിമുട്ടിന്റെ നീളം 250 മീറ്റർ വർദ്ധിപ്പിച്ചെങ്കിലും കാര്യമായ ഗുണം ചെയ്തില്ല. തുടർന്നാണ് പുതിയ നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയത്. തുറമുഖം നിർമ്മിച്ചപ്പോൾ തെക്കുഭാഗത്ത് 476ഉം വടക്കുഭാഗത്ത് 446 മീറ്ററും നീളമാണുള്ളത്. തെക്ക് നിലവിലുള്ള പുലിമുട്ടിൽ നിന്ന് പടിഞ്ഞാറു ഭാഗത്തേക്ക് നീട്ടുന്നതാണ് പദ്ധതി.

മൂന്നു മുതൽ അഞ്ചുവരെ ടൺ ഭാരമുള്ള കല്ലാണ് പുലിമുട്ടിന് വേണ്ടത്. സംസ്ഥാനത്തെ ക്വാറികളിൽ നിയന്ത്രണം വന്നതോടെയാണ് കരിങ്കല്ല് കിട്ടാതായത്. തമിഴ്നാട്ടിൽ നിന്ന് കല്ല് എത്തിക്കാനുള്ള അനുമതി കരാറുകാരന് ഇല്ലാത്തതും പ്രതിസന്ധിയായി. കഴിഞ്ഞ ദിവസം കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ക്വാറികളിൽ നിന്ന് കല്ല് എത്തിച്ചെങ്കിലും തികഞ്ഞില്ല. മാത്തേരി ഭാഗത്ത് നിന്ന് പടിഞ്ഞാറോട്ട് പുലിമുട്ട് നിർമ്മിച്ചാൽ വേലിയേറ്റത്തിൽ പതിവായി മണൽ അടിഞ്ഞുകൂടുന്നത് മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാവും.

# 50 കിലോമീറ്റർ അധികം

തുറമുഖത്തിന്റെ മുൻഭാഗത്ത് മണൽ അടിഞ്ഞു കൂടുന്നതിനെത്തുടർന്ന് വള്ളങ്ങൾക്കും ബോട്ടുകൾക്കും അകത്ത് പ്രവേശിക്കാൻ കഴിയാത്തതിനാൽ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും വലയുകയാണ്. തോട്ടപ്പള്ളിയിൽ എത്തേണ്ട വള്ളങ്ങൾ കായംകുളം തുറമുഖത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മത്സ്യവുമായി കായംകുളം തുറമുഖത്തെത്തി വില്പന നടത്തിയ ശേഷം തോട്ടപ്പള്ളിയിൽ എത്തുമ്പോൾ 50 കിലോമീറ്റർ കൂടുതൽ സഞ്ചരിക്കണം.

....................................

# ആകെ തുക: 31കോടി

..............................

# നിലവിലെ പുലിമുട്ടിന്റെ നീളം

*തെക്ക്: 476 മീറ്റർ

*വടക്ക്: 446 മീറ്റർ

സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി തുറമുഖത്തിന്റെ തെക്കുഭാഗത്തുള്ള പുലിമുട്ടിൽ നിന്ന് 750 മീറ്റർ കൂടി പടിഞ്ഞാറേക്ക് നീട്ടും. കല്ലിന്റെ ക്ഷാമം പ്രതിസന്ധിയാണ്

അസി.എക്‌സിക്യുട്ടീവ് എൻജിനീയർ, ഹാർബർ എൻജിനീയറിംഗ് വിഭാഗം

Advertisement
Advertisement