ഇസ്രയേൽ : തോൽവി സമ്മതിച്ച് യെയ്‌ർ ലാപിഡ്

Friday 04 November 2022 5:34 AM IST

ടെൽ അവീവ് : ഇസ്രയേലിൽ ലിക്കുഡ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ബെഞ്ചമിൻ നെതന്യാഹുവിനെ അഭിനന്ദിച്ച് എതിരാളിയും നിലവിൽ രാജ്യത്തിന്റെ കാവൽ പ്രധാനമന്ത്രിയുമായ യെയ്‌ർ ലാപിഡ്. യെഷ് ആറ്റിഡ് പാർട്ടി നേതാവായ ലാപിഡിന്റെ നേതൃത്വത്തിലെ സഖ്യം ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടതോടെയാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറുകൾക്ക് ശേഷം നെതന്യാഹുവിനെ അഭിനന്ദിച്ചത്.

ലാപിഡ് നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംസാരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. അധികാര കൈമാറ്റത്തിന് തയാറെടുക്കാൻ തന്റെ ഓഫീസിനോട് ലാപിഡ് അറിയിച്ചതായും പ്രസ്താവനയിൽ പറയുന്നു. ലാപിഡിന്റെ സഖ്യത്തിന് 50 സീറ്റുകളിൽ മാത്രമാണ് ഇതുവരെ മുന്നിലെത്താൻ കഴിഞ്ഞത്. നെതന്യാഹുവിന്റെ സഖ്യം 64 സീറ്റുകൾ നേടി.

നാല് വർഷത്തിനിടെയുള്ള അഞ്ചാമത്തെ തിരഞ്ഞെടുപ്പിനാണ് ചൊവ്വാഴ്ച ഇസ്രയേൽ സാക്ഷിയായത്. യമിന പാർട്ടി നേതാവായ നഫ്താലി ബെന്ന​റ്റിന്റെയും യെയ്ർ‌ ലാപിഡിന്റെയും നേതൃത്വത്തിൽ എതിരാളികൾ സഖ്യം രൂപീകരിച്ച് പാർലമെന്റിൽ ഭൂരിപക്ഷം നേടിയതോടെ കഴിഞ്ഞ വർഷമാണ് നെതന്യാഹുവിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്.

എട്ടു പാർട്ടികളടങ്ങുന്ന നഫ്താലി ബെന്നറ്റിന്റെ ഭരണ മുന്നണി സഖ്യത്തിന് ഏപ്രിലിൽ ഒരു പാർലമെന്റംഗം രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇതോടെ ബെന്നറ്റ് ജൂണിൽ രാജിവയ്ക്കുകയും വിദേശകാര്യ മന്ത്രിയായിരുന്ന ലാപിഡ് കാവൽ പ്രധാനമന്ത്രിയാവുകയുമായിരുന്നു.

Advertisement
Advertisement