കാറിൽ ചാരിനിന്നതിന് ബാലനെ ചവിട്ടി തെറിപ്പിച്ചു; കണ്ണൂരിൽ യുവാവ് കസ്‌റ്റഡിയിൽ, ഇടപെടുമെന്ന് ബാലാവകാശ കമ്മിഷൻ

Friday 04 November 2022 8:13 AM IST

കണ്ണൂർ: കാറിൽ ചാരിനിന്നതിന് ആറ് വയസുകാരനായ ചെറിയ ബാലന് നേരെ യുവാവിന്റെ അതിക്രമം. കണ്ണൂർ തലശേരിയിൽ തിരക്കേറിയ റോഡിലാണ് സംഭവം. ചാരി നിന്നതിന് പൊന്ന്യം‌പാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് (20) കുട്ടിയെ ചോദ്യം ചെയ്‌ത ശേഷം ദേഹോപദ്രവം ഏൽപ്പിച്ചത്. കുട്ടിയുടെ നടുവിന് നേരെ ഇയാൾ ചവിട്ടുകയായിരുന്നു.

തലശേരിയിൽ തിരക്കേറിയ റോഡിൽ റോംഗ്‌സൈഡായി വണ്ടി നിർത്തിയിട്ട ശേഷമാണ് ഇയാൾ അക്രമം നടത്തിയത്. ഒരു വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പം എത്തിയ ശിഹ്‌ഷാദ് വണ്ടി നിർത്തിയ സമയം രാജസ്ഥാൻ സ്വദേശികളുടെ മകനായ ഗണേഷ് എന്ന ആറുവയസുകാരൻ കാറിൽ ചാരിനിന്നു. ഇത് ഇഷ്‌ടപ്പെടാതെയാണ് ശിഹ്‌ഷാദ് കുട്ടിയെ ചവിട്ടിയത്. സംഭവമുണ്ടായ ഉടൻ കണ്ടുനിന്നവരിൽ ചിലരെത്തി ഇയാളെ എതിർത്തു. എന്നാൽ ഇവരോട് തർക്കിച്ച ശേഷം സ്ഥലംവിട്ട ഇയാൾക്കെതിരെ അപ്പോൾ പൊലീസ് നടപടിയെടുത്തില്ല എന്ന് പരാതിയുണ്ട്. മണിക്കൂറുകൾക്ക് ശേഷം ഇയാളെ വിളിച്ച് വരുത്തി കാര്യം തിരക്കുകയും കാർ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെയാണ് നടപടിയ്‌ക്ക് പൊലീസ് തയ്യാറായത്.

സംഭവത്തിൽ പരിക്കേറ്റ ബാലന് നടുവിന് ഗുരുതര പരിക്കുണ്ട്. കുട്ടിയെ ദൃക്‌സാക്ഷികളിൽ ചിലർ ആശുപത്രിയിലെത്തിച്ചു. അതേസമയം സംഭവം ശ്രദ്ധയിൽപെട്ടതായും പ്രശ്‌നത്തിൽ ഇടപെടുമെന്നും ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പ്രതികരിച്ചു. ശിഹ്‌ഷാദിന്റെ അറസ്‌റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.