ഹൈക്കോടതി ആരാഞ്ഞു. ആകാശപാത എന്ന് പൂർത്തിയാക്കും‌‌‌‌?

Saturday 05 November 2022 12:00 AM IST

കോട്ടയം. രാഷ്ട്രീയ നേതാക്കൾ ഇട്ടുതല്ലിക്കളിച്ച് വർഷമേറെയായിട്ടും പൂർത്തിയാക്കാനാവാതെ കമ്പിയിൽ തീർത്ത എട്ടുകാലി വലപോലെ നിൽക്കുന്ന ആകാശപാതയുടെ രക്ഷയ്ക്ക് ഹൈക്കോടതിയെത്തി.

പണി പൂർത്തിയാക്കുന്നില്ലെങ്കിൽ പൊളിച്ചു കളഞ്ഞുകൂടെ എന്ന് പരിഹസിച്ച ഹൈക്കോടതി സർക്കാർ ഖജനാവിൽ നിന്ന് രണ്ട് കോടി രൂപയോളം ചെലവഴിച്ച സാഹചര്യത്തിൽ എന്ന് പണി പൂർത്തിയാക്കുമെന്ന് അറിയിക്കാൻ സർക്കാരിനും ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകി. തുടർനടപടി എന്തുവേണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയുമായി കൂടിയാലോചിച്ച് കളക്ടർ തീരുമാനിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.സർക്കാരിന്റെ മറുപടി രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജി 28ന് പരിഗണിക്കാൻ മാറ്റി.

കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ ആവശ്യമില്ലങ്കിൽ പൊളിച്ചുകളഞ്ഞുകൂടെയെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചിരുന്നു. ഇതുവരെ ചെലവഴിച്ച സർക്കാർ ഫണ്ടിന് ആര് ഉത്തരം പറയുമെന്ന് ചോദിച്ച കോടതി ഇത് ഗൗരവമുള്ള വിഷയമായതിനാൽ അടിയന്തര റിപ്പോർട്ട് നല്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

പാതി വഴിയിൽ പണി നിറുത്തിയിരിക്കുന്ന ആകാശ പാതയുടെ തൂണുകൾ തുരുമ്പെടുത്ത സാഹചര്യത്തിൽ പൊളിച്ചു മാറ്റുകയോ പണി പൂർത്തീകരിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് എ.കെ ശ്രീകുമാറാണ് സർക്കാരിനേയും ജില്ലാ കളക്ടറേയും, റോഡ് സേഫ്റ്റി അതോററ്റിയെയും കക്ഷി ചേർത്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും കക്ഷി ചേർന്നിരുന്നു.

5.75 കോടിയുടെ പദ്ധതിക്ക് 2016 ലാണ് അനുമതി നൽകിയത്.

പടികളും ലിഫ്റ്റുകളും ഒരുക്കുന്നതിന് നഗരസഭ സ്ഥലം ലഭ്യമാക്കി.

അടിസ്ഥാന സൗകര്യത്തിനായി സർക്കാർ 2കോടി ചെലവഴിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറയുന്നു.

എം.എൽ.എ ഫണ്ട് ചെലവഴിക്കാമെന്ന് അറിയിച്ചിട്ടും ഇതുവരെ മൗനം പാലിച്ചവരാണ് ഇപ്പോൾ ഹൈക്കോടതിക്ക് ഉറപ്പു നൽകിയത്. ഇനിയും ആരും പാര പണിയരുത്, വികസനത്തിൽ രാഷ്ട്രീയം കലക്കരുത്. കോട്ടയം നഗരവും വികസിക്കട്ടെ.

മന്ത്രി വി.എൻ.വാസവൻ പറയുന്നു.

ആകാശ പാത കിറ്റ്കോ ഏറ്റെടുത്ത പദ്ധതിയാണ്. അവർ സബ് കോൺട്രാക്റ്റ് കൊടുത്തു ഇട്ടുതല്ലിയതാണ്. പൂർത്തിയാക്കണമെന്ന് തന്നെയാണ് സർക്കാരിന് ആഗ്രഹം അതാണ് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. .

Advertisement
Advertisement