പഞ്ചാബിൽ ശിവസേനാ നേതാവ് വെടിയേറ്റ് മരിച്ചു; സംഭവം ക്ഷേത്രത്തിലെ പ്രതിഷേധ ധർണയിൽ പങ്കെടുക്കവേ

Friday 04 November 2022 6:53 PM IST

അമൃത്സർ: പഞ്ചാബിൽ ശിവസേനാ നേതാവ് സുധീർ സുരി വെടിയേറ്റു മരിച്ചു. അമൃത്സറിലെ ക്ഷേത്രത്തിന് മുൻപിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കവേയാണ് സുരിയ്ക്ക് നേരെ അക്രമികൾ നിറയൊഴിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഗോപാൽ മന്ദിറിൽ ക്ഷേത്ര വിഗ്രഹം തകർത്തതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ ധർണയിൽ വെച്ച് ശിവസേനാ നേതാവിന് നേരെ നാല് തവണ വെടിയുതിർത്തതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 30 എം എം പിസ്റ്റൾ ഉപയോഗിച്ചാണ് ആക്രമി വെടിയുതിർത്തത് എന്ന് പൊലീസ് വെളിപ്പെടുത്തി.

ജീവന് ഭീഷണിയുള്ളതിനാൽ പൊലീസ് സുരക്ഷയേർപ്പെടുത്തിയിട്ടുള്ള നേതാവാണ് സുധീർ സൂരി. പൊലീസിനും സൂരിയുടെ പതിനെട്ടംഗ അംഗരക്ഷകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ വെടിവെപ്പ് നടത്തിയത്. വെടിയേറ്റ് നിലത്ത് വീണ സൂരിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം നാലംഗ സംഘം വാഹനത്തിൽ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. സമാനമായ സംഭവത്തിൽ സിദ്ധു മൂസവാലയും പഞ്ചാബിൽ വെടിയേറ്റ് മരിച്ചിരുന്നു. സൂരി കൊല്ലപ്പെട്ട വാർത്ത പ്രചരിച്ചതിന് പിന്നാലെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.