സംസ്ഥാനത്ത് ആദ്യം: ദ്രവമാലിന്യ സംസ്‌കരണത്തിന് രണ്ട് എഫ്.എസ്.ടി.പി പ്ളാന്റ്

Friday 04 November 2022 10:19 PM IST

കാസർകോട് : കിണർ വെള്ളത്തിലും മറ്റ് ജലസ്രോതസ്സുകളിലും കോളിഫോം ബാക്ടീരിയയുടെ വൻതോതിലുള്ള സാന്നിദ്ധ്യം കണക്കിലെടുത്ത് ദ്രവമാലിന്യങ്ങളുടെ സംസ്‌കരണത്തിന് എഫ്.എസ്.ടി.പി പ്ളാന്റ് സ്ഥാപിക്കുന്നു.സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ കാസർകോട് ജില്ലയിൽ രണ്ട് പ്ളാന്റുകൾ സ്ഥാപിക്കാനാണ് തീരുമാനം. ബേഡഡുക്ക, ചെറുവത്തൂർ പഞ്ചായത്തുകളിൽ ഫേക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എഫ്.എസ്.ടി.പി) പ്ലാന്റ് നിർമ്മാണം പുരോഗമിക്കുന്നത്.

കർണാടകയിലെ ദേവനഹള്ളി നഗരസഭയിൽ സ്ഥാപിച്ച എഫ്.എസ്.ടി.പി പ്ലാന്റ് കാസർകോട് നിന്നുള്ള ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഘം സന്ദർശിച്ചിരുന്നു. ദേവനഹള്ളി നഗരത്തിൽ ഈ പ്ലാന്റ് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. സംസ്‌കരണത്തിനൊടുവിൽ ലഭിക്കുന്ന വളത്തിനും ആവശ്യക്കാർ ഏറെയാണ്.

പ്രയോജനം പതിനാല് തദ്ദേശസ്ഥാപനങ്ങൾക്ക്

ബേഡഡുക്ക നെല്ലിയടുക്കത്ത് 2.45 ഏക്കർ ഭൂമിയിലാണ് പ്ളാന്റ് നിർമ്മിക്കുന്നത്. ബേഡഡുക്കക്ക് പുറമെ ചെമ്മനാട്, കോടോം ബേളൂർ, കുറ്റിക്കോൽ, മുളിയാർ, പള്ളിക്കര, പുല്ലൂർപെരിയ പഞ്ചായത്തുകൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.നിലവിൽ പ്രതീക്ഷിത ചെലവ് 5.47 കോടി രൂപയാണ്
ചെറുവത്തൂർ പഞ്ചായത്തിൽ മടിക്കുന്നിൽ സ്ഥാപിക്കുന്ന പ്ളാന്റിന് 4.35 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. പടന്ന, പിലിക്കോട്, ചെറുവത്തൂർ, തൃക്കരിപ്പൂർ, വലിയപറമ്പ, ചീമേനി പഞ്ചായത്തുകൾക്കും നീലേശ്വരം നഗരസഭയ്ക്കും പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.

കൺസോർഷ്യം ഫോർ ഡിവാട്ട്സ് ഡിസിമിനേഷൻ (സി.ഡി.ഡി) എന്ന ഏജൻസി ആയിരിക്കും രണ്ട് പഞ്ചായത്തുകളിലും പ്ലാന്റ് സ്ഥാപിക്കുന്നത്- ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ എ.ലക്ഷ്മി

ദേവനഹള്ളി മാതൃക

വ്യക്തമായ ശാസ്ത്രീയ വഴികളിലൂടെയായിരിക്കും എഫ്.എസ്.ടി.പി പ്ലാന്റ് പ്രവർത്തിക്കുക. പ്രദേശത്ത് ഒരുതരത്തിലും പ്ലാന്റിന്റെ പ്രവർത്തനത്തിലൂടെ ബുദ്ധിമുട്ടുണ്ടാവില്ല. കർണാടകയിലെ ദേവനഹള്ളി നഗരസഭ നഗരത്തിന് ഒത്ത നടുവിൽ 30 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റിന് സ്വന്തമായുള്ള വാഹനം മുഖേനയാണ് മാലിന്യം സംസ്‌കരിക്കുന്നത്. ഇത് ശാസ്ത്രീയമായി സംസ്‌കരിച്ച് അന്തിമ ഉത്പന്നമായി ലഭിക്കുന്ന വളപ്പൊടി കർഷകർക്ക് നൽകുന്നു. ആദ്യഘട്ടത്തിൽ കിലോ ഗ്രാമിന് 2.50 രൂപയ്ക്ക് വിറ്റിരുന്ന വളം ഇന്ന് 7 രൂപയ്ക്കാണ് കർഷകർക്ക് നൽകുന്നത്. കൺസോർഷ്യം ഫോർ ഡിവാട്ട്സ് ഡിസിമിനേഷൻ ഏജൻസിയാണ് ഇവിടെ പ്ലാന്റ് നിർമിച്ചത്. പ്ലാന്റിന് ചുറ്റും ഫലവൃക്ഷങ്ങളും ഉദ്യാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Advertisement
Advertisement