ഔഷധവൃക്ഷങ്ങൾ തണലുണ്ട് മന്ദിക്കണ്ടിപ്പറമ്പിൽ

Friday 04 November 2022 10:34 PM IST
ബാലകൃഷ്ണക്കുറുപ്പ് ആവിൽ മരച്ചോട്ടിൽ

മാഹി: മനുഷ്യർക്കും മൃഗങ്ങൾക്കുമുണ്ടാകുന്ന അപൂർവ്വ രോഗങ്ങൾക്ക് പ്രതിവിധിയായുള്ള ഔഷധവൃക്ഷങ്ങൾ തണൽ വിരിച്ചുനിൽക്കുന്ന ഒരു ഗ്രാമമുണ്ട് മാഹിക്കടുത്ത്. ചെമ്പ്ര മന്ദിക്കണ്ടിപ്പറമ്പ്.

തൊട്ടടുത്ത് കിടക്കുന്ന നാല് ക്ഷേത്രങ്ങളുടെ ഇടയിലുള്ള പറമ്പിൽ നൂറ്റാണ്ടുകൾ കണ്ട നിരവധി ഔഷധവൃക്ഷങ്ങളെ കാണാം.

പശുക്കളെ മരണത്തിലേക്ക് നയിക്കുന്ന ചർമ്മ മുഴകൾക്ക് ഉത്തമപ്രതിവിധിയായ നീരൂരി ഇവിടെയുണ്ട്.പച്ച മഞ്ഞൾ ചേർന്ന് അരച്ച് പുരട്ടിയാൽ നൂറ് ശതമാനവും അസുഖം ഭേദപ്പെടുമെന്നതാണ് നീരൂരിയുടെ പ്രത്യേകത. തലയിലും മീശയിലും താടിയിലുമെല്ലാം രോമം കൊഴിയുന്ന മനുഷ്യരിലെ പുഴുനടപ്പ് രോഗത്തിന് ഉത്തമപ്രതിവിധിയായ ആവിൽ മരമാണ് മന്ദിക്കണ്ടിപ്പറമ്പിലെ മറ്റൊരു പ്രധാന ഔഷധവൃക്ഷം.മുടി കൊഴിഞ്ഞ സ്ഥലത്ത് ഒരു തവണ ആവിലിന്റെ തളിരിലയുടെ നീരെടുത്ത് പുരട്ടിയാൽ രോഗം പമ്പ കടക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

വിദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ ഈ മരുന്നുകൾക്കായി ഇവിടെ എത്തുന്നുണ്ടെന്ന് എൺപത്തിയാറുകാരനായ വൈദ്യൻ ചെമ്പ്രയിലെ മന്ദിക്കണ്ടി ബാലകൃഷ്ണക്കുറുപ്പ് പറയുന്നു. ചികിത്സക്കോ, മരുന്നിനോ ആരിൽ നിന്നും ചില്ലിക്കാശ് പോലും ഇവർ വാങ്ങാറില്ല .പുരാതനമായ ചെമ്പ്ര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ കുന്നിൻ മുകളിലുള്ള ആരൂഢ സ്ഥാനത്ത് ഇപ്പോൾ ബാലകൃഷ്ണക്കുറുപ്പിന്റെ മകൻ സതീശൻ ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിക്കുന്നുണ്ട് .തൊട്ടടുത്ത അയ്യപ്പൻകാവിലെ ഹരിത വനത്തിലും ഔഷധ സസ്യസമൃദ്ധി കാണാം.

Advertisement
Advertisement