കൊക്ക് വെറും കൊക്കല്ല,​ രവിയുടെ കുടുബാംഗം

Friday 04 November 2022 10:49 PM IST
രവിയും ഭാര്യയും കൊക്കിനോടൊപ്പം

കാഞ്ഞങ്ങാട്: കൊച്ച എന്നാൽ കാസർകോടൻ ഭാഷയിൽ കൊക്ക് എന്നർത്ഥം. മലയാളികളിൽ മറ്റുള്ളവർക്ക് ഈ ഭാഷ ഇഷ്ടപ്പെടുന്നില്ലെങ്കിലും 'കൊച്ചേ.. എന്ന നീട്ടിവിളി കേട്ടാൽ കൊക്ക് പറന്നിറങ്ങുന്ന ഒരു വീടുണ്ട്. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ രവിയ്ക്കും നിഷക്കും കഴിഞ്ഞ എട്ടുവർഷമായി കുഞ്ഞിനെ പോലെയാണ് ഈ കൊക്ക്.

രവിയുടെ വീട്ടിൽ നിത്യവും എത്തുന്ന കൊക്ക് നാട്ടുകാർക്ക് ഒരു അത്ഭുതമാണ്. എന്നും രാവിലെ ആറിന് വീട്ടുമുറ്റത്തേക്കുള്ള വാതിൽ തുറക്കുന്നതും കാത്ത് കൊക്ക് വരാന്തയിലുണ്ടാകും. വാതിൽ തുറന്നാൽ പിന്നെ ചോദ്യം ഒന്നുമില്ല. അടുക്കളയിലേക്ക് കടക്കും. അവിടെനിന്ന് എന്തെങ്കിലും കിട്ടുന്നത് വരെ ചുറ്റിപ്പറ്റി നിൽക്കും. മീനോ ഇറച്ചിയോ കൊടുത്താൽ സമാധാനമായി. പിന്നെ സന്ധ്യയാകും വരെ വീട്ടിലുണ്ടാവും. ഈ വീട്ടിൽ 2014 ഒക്‌ടോബറിലാണ് കൊക്ക് എത്തിയത്. ഒടിഞ്ഞുതൂങ്ങിയ കാലുമായി ഇരിക്കുന്ന കൊക്കിനെ കർഷകനായ രവി ശ്രുശ്രൂഷിക്കുകയായിരുന്നു. അന്നുമുതൽ ഒരു കുടുംബാംഗത്തെ പോലെ ഇവർക്കൊപ്പം ഈ പറവയുണ്ട്.

നങ്ക് എന്ന് ഇവർ പറയുന്ന നത്തോലിയാണ് ഇഷ്ട ഭക്ഷണം. ഒറ്റ ഇരിപ്പിൽ അഞ്ചെണ്ണം വരെ അകത്താക്കും. കോഴിയിറച്ചിയും ചെമ്മീൻതോട് കളഞ്ഞതും കഴിക്കും. ഇങ്ങനെയൊക്കെ അടുപ്പമുണ്ടെങ്കിലും വർഷത്തിൽ ആറുമാസത്തോളം കൊക്കിനെ കാണാതാകും. ഇക്കുറി അജ്ഞാതവാസം കഴിഞ്ഞ് ഒക്‌ടോബർ 24നാണ് കൊക്ക് വീണ്ടും ഇവിടെ ഇറങ്ങിയത്. ഇനി മേയ് വരെ ഇവിടെയുണ്ടാകും. ഇങ്ങനെ മുങ്ങുമ്പോൾ മക്കളില്ലാത്ത തങ്ങൾക്ക് വലിയ സങ്കടം ഉണ്ടാകാറുണ്ടെന്ന് രവി പറയുന്നു.

Advertisement
Advertisement