വനിത ഡോക്ടർക്കെതിരെ അതിക്രമം: പ്രതി സന്തോഷുമായി ഇന്ന് തെളിവെടുപ്പ് നടത്തും

Saturday 05 November 2022 1:17 AM IST

തിരുവനന്തപുരം: മ്യൂസിയത്ത് വനിത ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സന്തോഷിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മ്യൂസിയം പൊലീസാണ് ആദ്യഘട്ടത്തിൽ കസ്റ്റഡിയിൽ വാങ്ങുന്നത്. തുടർന്ന് ഉച്ചയ്‌ക്ക് 12ന് സംഭവം നടന്ന മ്യൂസിയം വളപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

സന്തോഷ് കാർ പാർക്ക് ചെയ്‌ത സ്ഥലം,അവിടെ നിന്ന് നടന്ന് മ്യൂസിയത്തിനുള്ളിൽ കയറിയ സ്ഥലം എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടുപോകും.

ഇതിനുശേഷം സന്തോഷിനെ കന്റോൺമെന്റ് എ.സി ഓഫീസിലേക്ക് കൊണ്ടുവരും. അന്വേഷണ സംഘത്തിന്റെ ടീം ലീഡറായ കന്റോൺമെന്റ് എ.സി ജിൻരാജിന്റെ നേതൃത്വത്തിൽ ആദ്യഘട്ടം ചോദ്യം ചെയ്യും. ഇതുവരെ സന്തോഷ് കുറ്രം സമ്മതിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ എല്ലാ തെളിവുകളും നിരത്തിയുള്ള ചോദ്യം ചെയ്യലാണ് നടത്തുക.സംഭവത്തിനുശേഷം ഇയാൾ തല മൊട്ടയടിച്ച സ്ഥലത്തും സാദ്ധ്യമായാൽ പൊലീസ് തെളിവെടുപ്പ് നടത്തും. കസ്റ്റഡിയിൽ നിന്ന് തിരികെ നൽകിയാൽ കുറവൻകോണത്തെ വീട്ടിൽ കയറിയ കേസിലും കവടിയാറിലെ ആക്രമണ സംഭവത്തിലും പേരൂർക്കട പൊലീസ് സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങും.

ഭാര്യയുടെ മൊഴി

നിർണായക തെളിവ്

കേസിൽ സന്തോഷിന്റെ ഭാര്യ ബിന്ദുവിന്റെ മൊഴിയും പൊലീസിന് നിർണായകമാണ്. മ്യൂസിയത്ത് സന്തോഷ് നടക്കുന്ന സി.സി ടിവി ദൃശ്യം കാണിച്ചപ്പോൾ അത് സന്തോഷാണെന്ന് ഭാര്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ബിന്ദു പിന്നീട് മൊഴി നിഷേധിച്ചതും പൊലീസിന് അനുകൂലമായാണ്.

ഒരു അടിപിടി കേസിന്റെ ഭാഗമായാണ് സന്തോഷ് മ്യൂസിയം ഭാഗത്തുകൂടി നടന്നുപോകുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ബിന്ദുവിനെ കാണിച്ചത്. ഭർത്താവാണ് അതെന്ന് ബിന്ദു തിരിച്ചറിഞ്ഞ് പൊലീസിനോട് പറഞ്ഞു. എന്നാൽ പുറത്തിറങ്ങി സംഭവത്തിന്റെ ഗൗരവം മനസിലായപ്പോൾ മൊഴി നിഷേധിച്ചു. ' തന്നെ കബളിപ്പിച്ചാണ് മൊഴി രേഖപ്പെടുത്തിയത്, ഒരു അടിപിടി കേസിന്റെ ഭാഗമായുള്ള തിരിച്ചറിയലെന്ന് പറഞ്ഞാണ് ദൃശ്യങ്ങൾ കാണിച്ചതെന്നും അതുകൊണ്ടാണ് അങ്ങനെ മറുപടി നൽകിയതെന്നും ' ബിന്ദു പറഞ്ഞു.

എന്നാൽ അടിപിടി കേസായാലും തന്റെ ഭർത്താവാണ് ദൃശ്യത്തിലുള്ളതെന്ന ബിന്ദുവിന്റെ മൊഴി തന്നെയാണ് പൊലീസിനും ഗുണകരമാകുന്നത്. സംഭവ സമയം സന്തോഷിന്റെ മൊബൈൽ ടവർ ലോക്കേഷൻ അവിടെ കാണിച്ചതും തെളിവാണ്. സംഭവ സമയത്ത് സന്തോഷ് ഉപയോഗിച്ച വെള്ള ഷർട്ട്, കറുത്ത ജീൻസ്, പാന്റ്, ഷൂസ് എന്നിവയും പൊലീസ് തെളിവിന്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്.

സമാന കേസുകൾ

പരിശോധിക്കാൻ പൊലീസ്

നഗരത്തിൽ ഒരുവർഷത്തിനകം റിപ്പോർട്ട് ചെയ്‌തിട്ടുള്ള ഇത്തരം സംഭവങ്ങൾ പൊലീസ് ശേഖരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലവും സ്വഭാവവും അന്വേഷിക്കുന്നുണ്ട്. പ്രതികൾ ഇതുവരെ അറസ്റ്റിലാകാത്ത സംഭവങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്.

Advertisement
Advertisement