പാലം കയറാൻ പെരുമ്പളം

Saturday 05 November 2022 1:45 AM IST
പെരുമ്പളം പാലം

പാലത്തിന്റെ 40 ശതമാനം ജോലികൾ പൂർത്തിയായി

ആലപ്പുഴ: ദ്വീപ് പഞ്ചായത്തായ പെരുമ്പളം നിവാസികളുടെ ചിരകാല സ്വപ്നമായ പാലം യഥാർത്ഥ്യത്തിലേക്കടുക്കുന്നു. നിലവിൽ പാലത്തിന്റെ തൂണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബീമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തി. പൈലിംഗ്, പൈൽ ക്യാപ്, തൂണുകളുടെ നിർമ്മാണം അടക്കം കായലിനു കുറുകെയുള്ള നിർമാണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി. ജോലികൾ പൂർത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ പാലമായി ഇത് മാറും. വേമ്പനാട് കായലിന് കുറുകെ നിർമിക്കുന്ന പാലം പെരുമ്പളം ദ്വീപിനെ വടുതല ഭാഗവുമായാണ് ബന്ധിപ്പിക്കുന്നത്.

35 മീറ്റർ വീതം നീളമുള്ള 27 സ്പാനുകളാണ് പാലത്തിലുള്ളത്. ദേശീയ ജലപാത മാനദണ്ഡപ്രകാരം 55 മീറ്റർ ഉയരത്തിലാണ് മദ്ധ്യഭാഗത്തെ മൂന്ന് സ്പാനുകൾ നിർമ്മിക്കുക. ബോസ്ട്രിംഗ് ആർച്ച് മാതൃകയിലാണ് പാലം. വടുതല ഭാഗത്ത് 300 മീറ്റർ നീളത്തിലും പെരുമ്പളത്ത് 250 മീറ്റർ നീളത്തിലും അപ്രോച്ച് റോഡും നിർമ്മിക്കും. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കൽ ജോലികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ജൂണിൽ ദ്വീപ് സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് 2023 ഡിസംബറോടെ പാലം തുറന്നു നൽകുമെന്ന് അറിയിച്ചിരുന്നു. ഒരു വർഷം മാത്രം ബാക്കി നിൽക്കെ പ്രഖ്യാപനം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ - ഓപ്പറേറ്റീവ് സൊസൈറ്റി.നിലവിൽ 40 ശതമാനം പ്രവൃത്തികളാണ് പൂർത്തിയായത്.

 31 തൂണുകൾ

 1110 മീറ്റർ നീളം

 11 മീറ്റർ വീതി

 27 സ്പാനുകൾ

 നിർമ്മാണ ചെലവ് 100 കോടി (കിഫ്ബിയിൽ നിന്ന്)

 രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റർ വീതിയുള്ള റോഡ്

 ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാത

 നാലുവശവും കായൽ

നാലുവശവും വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പഞ്ചായത്താണ് പെരുമ്പളം. പാലം വരുന്നതോടെ നാട്ടുകാരുടെയും ഇവിടേക്ക് എത്തുന്നവരുടെയും യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരമാകും.

പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ വേണ്ട എല്ലാ പിന്തുണയും ഉറപ്പാക്കും'

-ദലീമ ജോജോ എം.എൽ.എ

Advertisement
Advertisement