ചെറുതനയിലും പക്ഷിപ്പനി ; കള്ളിംഗ് ഇന്നു മുതൽ

Saturday 05 November 2022 1:51 AM IST
പക്ഷിപ്പനി

ആലപ്പുഴ : ചെറുതനയിലും താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശത്തെ പക്ഷികളെ കൊന്ന് കത്തിക്കുന്ന (കള്ളിംഗ്) നടപടികൾ ഇന്ന് മുതൽ ആരംഭിച്ചേക്കും. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായാൽ മാത്രമേ കള്ളിംഗ് നടത്താൻ കഴിയുള്ളുവെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഭോപ്പാലിലെ വെറ്ററിനറി ഹൈ സെക്യൂരിറ്റി വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഒരാഴ്ച മുമ്പ് ഹരിപ്പാട് നഗരസഭ, പള്ളിപ്പാട് പഞ്ചായത്ത് പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് 16,000താറാവുകളെ കൊന്നിരുന്നു. ഇതിന് പിന്നാലെ ചെറുതനയിലും രോഗം കണ്ടെത്തിയതിനെത്തുടർന്ന് താറാവ് കർഷകർ ആശങ്കയിലാണ്. ചേപ്പാട്ടും താറാവുകൾ കൂട്ടത്തോടെ ചത്തതും പക്ഷിപ്പനിയെത്തുടർന്നാണോ എന്ന സംശയത്തിലാണ് കർഷകർ.

ഹരിപ്പാട് നഗരസഭ, പള്ളിപ്പാട് പഞ്ചായത്ത് പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് താറാവുകൾക്ക് പുറമേ 4000ത്തോളം വളർത്ത് പക്ഷികളെയും കൊന്നു കത്തിച്ചിരുന്നു. കൂട്ടത്തോടെ ചത്ത താറാവുകളുടെ രക്തസാമ്പിൾ ആദ്യം തിരുവല്ല മഞ്ഞാടിയിലെ സർക്കാർ ലാബിൽ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി സൂചന ലഭിച്ചത്.

പരിശോധനഫലം വൈകിയത്

 സാമ്പിൾ ഭോപ്പാലിൽ എത്തിക്കുന്നതിലുണ്ടായ കാലതാമസം

 താറാവുകളിൽ എച്ച് 5 എൻ 1 വൈറസുകളെയാണ് കണ്ടെത്തിയത്

 ചെറുതനയിൽ ഒരു കർഷകന്റെ മാത്രം 8000ത്തോളം താറാവുകൾക്ക് രോഗബാധ

കൊന്നു കത്തിക്കുന്നത്

ഇന്നലെ ചെറുതനയിലെ താറാവുകളുടെ പരിശോധനഫലം വന്നതോടെ, രോഗം സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊല്ലാൻ കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിനായി പത്ത് അംഗങ്ങളുളള അഞ്ച് ആർ.ആർ.ടി ഗ്രൂപ്പുകൾ രൂപീകരിച്ചു. കേന്ദ്ര അനുമതി കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം. പ്രത്യേക മാർഗ നിർദ്ദേശ പ്രകാരമാകും കത്തിക്കുക. ഇതിനാവശ്യമായ വിറക്, ഡീസൽ, പഞ്ചസാര എന്നിവ നൽകാൻ ചെറുതന പഞ്ചായത്തിന് നിർദ്ദേശം നൽകി.

ചെറുതനയിൽ

താറാവുകൾ : 8,000

രോഗം സംശയിക്കുന്നവ : 6,600

ചത്തത് : 1,400

Advertisement
Advertisement