ഇമ്രാന് നേരെയുള്ള ആക്രമണം : രണ്ട് പേർ കൂടി അറസ്റ്റിൽ

Saturday 05 November 2022 5:39 AM IST

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടി നേതാവുമായ ഇമ്രാൻ ഖാനെ (70) വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റൻവാലയിലെ അല്ലാഹ്‌വാല ചൗക്കിൽ നടന്ന പാർട്ടി റാലിക്കിടെയാണ് നവീദ് മുഹമ്മദ് ബഷീർ എന്നയാൾ ഇമ്രാനും മറ്റ് നേതാക്കളും കയറിയ ട്രക്കിന് നേരെ വെടി വച്ചത്.

വലതുകാലിൽ വെടിയേറ്റ ഇമ്രാൻ നിസാര പരിക്കോടെ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ഒരു പാർട്ടി അംഗം കൊല്ലപ്പെടുകയും സെനറ്റംഗമായ ഫൈസൽ ജാവേദ് ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പഞ്ചാബിലെ വാസിറാബാദ് സ്വദേശിയായ നവീദ് മുഹ്‌മ്മദ് ബഷീറിന് പിസ്റ്റലും ബുള്ളറ്റും 20,000 പാകിസ്ഥാനി രൂപയ്ക്ക് നൽകിയ വഖാസ്, സാജിദ് ഭട്ട് എന്നിവരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പിസ്റ്റലിന് നമ്പറോ ലൈസൻസോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. വാസിറാബാദിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്ന ആവശ്യവുമായി ഇമ്രാൻ ഖാൻ ഒക്ബോടർ 28ന് ലാഹോറിൽ നിന്ന് ആരംഭിച്ച ഹഖീഖി ആസാദി ലോംഗ് മാർച്ചിനിടെയാണ് ആക്രമണമുണ്ടായത്.

അതേസമയം ലോംഗ് മാർച്ചുമായി മുന്നോട്ട് പോകാനാണ് ഇമ്രാന്റെ തീരുമാനമെന്ന് ഇന്നലെ പി.ടി.ഐ പാർട്ടി പ്രതിനിധികൾ അറിയിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആഭ്യന്തര മന്ത്രി റാണാ സനാവുള്ള, സൈന്യം എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇമ്രാൻ ആരോപിച്ചു.

ലാഹോർ, കറാച്ചി, പെഷവാർ, റാവൽപിണ്ടി, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിൽ പി.ടി.ഐ പ്രവർത്തകുടെ വ്യാപക പ്രക്ഷോഭങ്ങൾ ഇന്നലെ അരങ്ങേറി. പലയിടത്തും പൊലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടുകയും കല്ലേറും കണ്ണീർവാതക പ്രയോഗവുമുണ്ടായി.

 വിചിത്രവാദങ്ങളുമായി അക്രമി

വെടിവയ്പിന് പിന്നാലെ അറസ്റ്റിലായ അക്രമി നവീദ് അഹ്‌മ്മദ് ബഷീർ കുറ്റം സമ്മതിച്ചെങ്കിലും വളരെ വിചിത്രമായ വാദങ്ങളാണ് കാരണങ്ങളായി പൊലീസിനോട് പറയുന്നത്. ഇമ്രാൻ ഖാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതാണ് അദ്ദേഹത്തിന് നേരെ വെടിവയ്പ് നടത്താൻ പ്രേരിപ്പിച്ചതെന്നും നവീദ് പറയുന്നു. രണ്ട് പേർ ചേർന്നാണ് വെടിവയ്പ് നടത്തിയതെന്ന് വ്യാപക ആരോപണമുണ്ടെങ്കിലും വ്യക്തത വന്നിട്ടില്ല.

താൻ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന് നവീദ് പറയുന്നു. ഇമ്രാന്റെ മാർച്ചിൽ മുഴങ്ങിയ സംഗീതം വാങ്കുവിളിയെ തടസപ്പെടുത്തിയെന്നും അത് തന്നെ പ്രകോപിച്ചെന്നും നവീദ് പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് ഏതെങ്കിലും രാഷ്ട്രീയ, തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.

അതേ സമയം, അക്രമി പൊലീസിനോട് വെളിപ്പെടുത്തൽ നടത്തുന്ന വീഡിയോ ചോർന്നതിന് പിന്നാലെ പഞ്ചാബ് പൊലീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ചൗധരി പർവേസ് ഇലാഹി സസ്പെൻഡ് ചെയ്തു.

 നാല് തവണ വെടിയേറ്റു, അക്രമികൾ രണ്ട് പേർ : ഇമ്രാൻ

ലാഹോർ : തനിക്ക് നാല് തവണ വെടിയേറ്റതായും രണ്ട് പേർ ചേർന്നാണ് വെടിവയ്പ് നടത്തിയതെന്നും ഇമ്രാൻ ഖാൻ. കാലിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇമ്രാൻ ഇന്നലെ രാത്രി ലാഹോറിലെ ആശുപത്രിയിൽ നിന്ന് നടത്തിയ വെർച്വൽ അഭിസംബോധനയ്ക്കിടെയാണ് പരാമർശം. വീൽചെയറിൽ ഇരുന്ന് ആശുപത്രി ഗൗൺ ധരിച്ച് അഭിസംബോധന നടത്തിയ ഇമ്രാന്റെ വെടിയേറ്റ കാലും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

വസീറാബാദിലോ ഗുജ്‌റാത്തിലോ വച്ച് തന്നെ കൊല്ലാൻ ശ്രമം നടന്നേക്കുമെന്ന് അറിവ് ലഭിച്ചിരുന്നതായും ഇമ്രാൻ പറഞ്ഞു. പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്, ആഭ്യന്തര മന്ത്രി റാണാ സനാവുള്ള, ഇന്റലിജൻസ് ഏജൻസി ഐ.എസ്.ഐ എന്നിവരെ ആക്രമണത്തിന്റെ പേരിൽ ഇമ്രാൻ വീണ്ടും കുറ്റപ്പെടുത്തി. തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തിയത് നാല് പേരാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരെ സംബന്ധിച്ച ഒരു വീഡിയോ പുറത്തുവിടുമെന്നും ഇമ്രാൻ പറഞ്ഞു.

Advertisement
Advertisement