കുട്ടിയെ ശിഹ്ഷാദ് മാത്രമല്ല മറ്റൊരാളും ആക്രമിച്ചു, വഴിപോക്കൻ തലയ്ക്കടിച്ച് വലിച്ചിഴച്ചു; പൊലീസ് കേസെടുത്തില്ലെങ്കിൽ ഇടപെടുമെന്ന് ബാലാവകാശ കമ്മീഷൻ

Saturday 05 November 2022 10:49 AM IST

കണ്ണൂർ: റോഡരികിൽ നിർത്തിയിട്ട കാറിനടുത്തുനിന്ന ആറു വയസുകാരനായ നാടോടി ബാലനെ മറ്റൊരാളും ഉപദ്രവിച്ചതായി റിപ്പോർട്ടുകൾ. വഴിപോക്കനായ ഒരാൾ വന്ന് തലയ്ക്കടിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. കുട്ടി കാറിലേക്ക് നോക്കിനിൽക്കുമ്പോഴായിരുന്നു സംഭവം.

അതേസമയം, പൊലീസ് കേസെടുത്തില്ലെങ്കിൽ ഇടപെടുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റോഡരികിൽ നിറുത്തിയിട്ടിരുന്ന തന്റെ കാറിൽ ചാരി നിന്ന കുട്ടിയെ, പൊന്ന്യംപാലം മൻസാർ ഹൗസിൽ മുഹമ്മദ് ശിഹ്ഷാദ് (20)​ ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇയാളും കുട്ടിയുടെ തലയ്ക്കടിച്ചിരുന്നു. ശിഹ്ഷാദ് മർദിക്കുന്നതിന് തൊട്ടുമുമ്പാണ് വഴിപോക്കൻ കുട്ടിയുടെ തലയ്‌ക്കടിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ തലശ്ശേരി മണവാട്ടി ജംഗ്ഷനടുത്തായിരുന്നു സംഭവം. കൊടുംവളവിൽ നോ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് കുട്ടി ചാരി നിന്നത്. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അക്രമത്തെ ചോദ്യം ചെയ്തവരോടുള്ള യുവാവിന്റെ ന്യായീകരണം. ദൃശ്യം പുറത്തു വന്നതോടെ ഇത് കളവാണെന്ന് തെളിഞ്ഞു.