ഈ സർക്കാർ അഞ്ച് വർഷവും ഭരിക്കണം,​ ഒന്നരക്കൊല്ലമായപ്പോൾ തന്നെ മുഖ്യമന്ത്രിക്ക് എന്തും ചെയ്യാമെന്ന ധിക്കാരമെന്ന് വി ഡി സതീശൻ

Saturday 05 November 2022 7:21 PM IST

തിരുവനന്തപുരം : . പിൻവാതിൽ നിയമനം നടത്തുന്നതിനായി സി.പി.എം ഓഫീസുകൾ കേന്ദ്രീകരിച്ച് മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പുറത്ത് വരാത്ത നൂറു കണക്കിന് നിയമനങ്ങൾ വിവിധ ജില്ലകളിൽ നന്നിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 ജീവനക്കാരുടെ നിയമനത്തിൽ പാർട്ടിയുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയതിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. രാജി വച്ചില്ലെങ്കിൽ മേയറെ പുറത്താക്കാൻ സി.പി.എം തറാകണം. പാർട്ടിക്കാർക്കും നേതാക്കൾക്കും വേണ്ടി മാത്രമുള്ള സെൽ ഭരണമാണ് പിണറായി സർക്കാരിന്റെ തുടർ ഭരണത്തിൽ നടക്കുന്നത്. ഈ സർക്കാർ അഞ്ച് വർഷവും ഭരിക്കണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ഒരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണ്. ഒന്നരക്കൊല്ലമായപ്പോൾ തന്നെ എന്തും ചെയ്യാമെന്ന ധിക്കാരമാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു.


പൊതുമേഖലാ സ്ഥാപനങ്ങളിലും സി.പി.എം ജില്ലാ സെക്രട്ടറിമാർ നൽകുന്ന പട്ടികയിൽ നിന്നാണ് നിയമനം നടത്തുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പിൻവാതിലിലൂടെ നിയമിച്ചവർ തുടരുന്നതു കൊണ്ടാണ് പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പ് തലവൻമാരും മടിക്കുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. .