രക്തജന്യരോഗികൾക്ക് സർട്ടിഫിക്കറ്റ്: കാലാവധിയിൽ കളിപ്പിക്കല്ലേ!

Saturday 05 November 2022 9:09 PM IST

ഭിന്നശേഷി സർട്ടിഫിക്കറ്റിന് കാലാവധി ഒറ്റ വർഷം

കണ്ണൂർ:കോഴിക്കോട് കോമ്പോസിറ്റ് റീജിണൽ സെന്ററിൽ കഴിഞ ജൂണിൽ കോഴിക്കോട് , വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ തലാസീമിയ, ഹീമോഫീലിയ തുടങ്ങിയ രക്തജന്യ രോഗികൾക്കായി നടത്തിയ ഭിന്നശേഷി സർട്ടിഫിക്കറ്റ് വിതരണം അവതാളത്തിലെത്തുന്നു. ഒറ്റ വർഷം മാത്രം കാലാവധിയുള്ള സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ രോഗികൾ തയ്യാറാകാത്തതാണ് പ്രതിസന്ധിയ്ക്ക് പിന്നിൽ.

ചുരുങ്ങിയത് അഞ്ചുവർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റിന് മാത്രമെ ഏതെങ്കിലും തരത്തിലുള്ള ആനൂകൂല്യം ലഭിക്കില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ നിയമത്തിലെ ചില പൊരുത്തക്കേടുകൾ ഇതിന് അനുവദിക്കുന്നില്ലെന്നാണ് അധികൃതരുടെ വാദം. തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ രക്ത വൈകല്യ രോഗങ്ങൾ പ്രോഗ്രസീവ് സ്വഭാവമുള്ളതിനാൽ ഓരോ വർഷവും ഡിസ് എബിലിറ്റി നിർണയിക്കണമെന്ന ഉത്തരവിനെ മറയാക്കിയാണ് സർട്ടിഫിക്കറ്റിന് ഒറ്റ വർഷ കാലാവധി നൽകുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിലെ അംഗങ്ങൾ.

പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാമെന്നാവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. വീരേന്ദ്രകുമാറിന് നിവേദനം നൽകിയിരിക്കയാണിപ്പോൾ .

‌വൈകല്യനിർണയം തടസമല്ല

സർട്ടിഫിക്കറ്റ് സ്ഥിരമായി നൽകുന്നതിന് വർഷംതോറും ഡിസെബിലിറ്റി നിർണയിക്കണമെന്ന നിബന്ധന തടസ്സമല്ല. ഡിസബിലിറ്റിയുടെ ശതമാനം കൂട്ടിക്കിട്ടുന്നതിന് വേണ്ടിയാണ് ഓരോ വർഷവും പരിശോധിക്കണമെന്ന നിബന്ധന ചേർത്തത്. ബെഞ്ചുമാർക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് സ്ഥിരമായി നൽകുന്നതിന് വർഷംതോറും പരിശോധിക്കണമെന്ന നിബന്ധന ബാധകമല്ല .സർക്കാരിന്റെ ഹസ്തദാനം പരിപാടിയിൽ ഉൾപ്പെട്ട് കിട്ടുന്നതിന് രക്തജന്യ രോഗികൾക്ക് നിലവിലുള്ള ആനുകൂല്യത്തിന്റെ ശതമാനം കൂടിക്കിട്ടണമെന്ന് കാണിച്ച് കേരള ബ്ളഡ് പേഷ്യന്റ്സ് പ്രൊട്ടക് ഷൻ കൗൺസിൽ സർക്കാരിന് നിവേദനം നൽകിയിരുന്നു.ഇത് പരിഗണിച്ചാണ് തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ പോലുള്ള രക്ത ജന്യരോഗങ്ങൾ പ്രോഗ്രസ്സീവായതിനാൽ ഓരോ വർഷവും നിർണയിക്കണമെന്ന് ഉത്തരവിറക്കിയത്. ഇക്കാര്യം തെറ്റായി വ്യഖ്യാനിച്ചതാണ് സർട്ടിഫിക്കറ്റിന് ഒറ്റ വർഷത്തെ മൂല്യം നിർണയിച്ചത്.

അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ

പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കാനും ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ കാലാവധി നീട്ടാനും ഡിപ്പാർട്ട്മെന്റ് തലത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് കോമ്പോസിറ്റ് റീജിണൽ സെന്റർ ഡയറക്ടർ ഡോ. റോഷൻ ബിജിലി പറഞ്ഞു. ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി, ഹീമോഫീലിയ സൊസൈറ്റി കാലിക്കറ്റ് ചാപ്റ്റർ സെക്രട്ടരി വി.പി. സാദിഖ് തുടങ്ങിയവർ സി.ആർ.സിയിൽ നടത്തിയ ചർച്ചയിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്.

പ്രശ്നപരിഹാരം നീണ്ടു പോകുന്ന സാഹചര്യത്തിൽ ആവശ്യമായ നിയമ സഹായം നൽകാമെന്ന് മലബാറിലെ പ്രമുഖ അഭിഭാഷകനും കണ്ണൂർ ജില്ലാ ജഡ്ജിയുമായ ആർ.എൽ. ബൈജു രോഗികളെ അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement