മേയറുടെ കത്തിൽ പ്രതിപക്ഷ പ്രതിഷേധം

Sunday 06 November 2022 3:08 AM IST

തിരുവനന്തപുരം: നഗരസഭയിലെ ഒഴിവുള്ള തസ്തികളിലേക്ക് പാർട്ടിക്കാരെ നിയമിക്കാനുള്ള പട്ടിക ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് മേയർ കത്ത് നൽകിയെന്ന വിവാദത്തെ തുടർന്ന് മേയർ ആര്യാരാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിൽ പ്രതിഷേധം കത്തിക്കയറി.യൂത്ത് കോൺഗ്രസും യുവമോർച്ചയും കൂടാതെ ബി.ജെ.പി,യു.ഡി.എഫ് കൗൺസിലർമാരും മേയർക്കെതിരെ പ്രതിഷേധവുമായി ഇറങ്ങി.

മേയർ ഓഫീസിൽ എത്തിയില്ലെങ്കിലും ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ തടയാൻ പൊലീസ് ഏറെ പണിപ്പെട്ടു. പ്രതിഷേധത്തിനിടെ ഓഫീസിലെത്തിയ ഡെപ്യൂട്ടി മേയർ പി.കെ.രാജുവിനെ ബി.ജെ.പി കൗൺസിലർമാർ തടഞ്ഞു. കൗൺസിലർമാർ മർദ്ദിച്ചെന്നാരോപിച്ച് ഡെപ്യൂട്ടിമേയർ ആശുപത്രിയിൽ ചികിത്സതേടി.ഒരിടവേളയ്ക്ക് ശേഷമാണ് നഗരസഭ സമരങ്ങളാൽ നിറയുന്നത്. ഒടുവിൽ നികുതി വെട്ടിപ്പിന്റെ പേരിലായിരുന്നു സമരങ്ങൾ നടന്നത്.യുവജനങ്ങൾക്ക് തൊഴിൽ എവിടെ സർക്കാരെ എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം മേയർ കോഴിക്കോട്ടാണുള്ളത്. ഇന്നലെ നഗരസഭയിൽ ആദ്യം പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷായുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ മേയറുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.മേയറുടെ ഓഫീസിനടുത്തേക്ക് എത്തുന്നതിന് മുമ്പ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി.യൂത്ത്‌കോൺഗ്രസുകാരെ മാറ്റുന്നതിനിടെയാണ് യുവമോർച്ച പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറിയത്.അവരെയും പണിപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അതിനിടെ ബി.ജെ.പി നഗരസഭാ പ്രതിപക്ഷ നേതാവ് എം.ആർ.ഗോപന്റെ നേതൃത്വത്തിൽ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഓഫീസിന് മുന്നിൽ ഉപരോധസമരം തുടങ്ങി.ഇതിനിടെയെത്തിയ ഡെപ്യൂട്ടി മേയർ പി.കെ.രാജു ഓഫീസിൽ കയറാൻ ശ്രമിച്ചത് ഉന്തും തള്ളിനും ഇടയാക്കി.മണക്കാട് കൗൺസിലർ സുരേഷ് തന്നെ മർദ്ദിച്ചെന്നും വസ്ത്രങ്ങൾ വലിച്ചു കീറിയെന്നും ആരോപിച്ചാണ് പി.കെ രാജു ചികിത്സതേടിയത്. പിന്നാലെ പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തു. എസ്.ഡി.പിഐയും പ്രകടനവുമായി എത്തി.

മേയർക്കെതിരെ കോടതിയെ സമീപിക്കും : പാലോട് രവി

പി.എസ്‌‌.സിയെയും എംപ്ലോയ്മെന്റിനെയും നോക്കുകുത്തിയാക്കി മേയറും പാർട്ടി ജില്ലാ സെക്രട്ടറിയും ചേർന്ന് നടത്തുന്ന നിയമന മാഫിയ സമൂഹത്തിന് നാണക്കേടാണെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. നഗരസഭ ഓഫീസിന് മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി വി.എസ്.ശിവകുമാർ, എം.വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ഭാരവാഹികളായ ജി.എസ്.ബാബു, ജി.സുബോധൻ, വി.പ്രതാപചന്ദ്രൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ, എം.എ.വാഹിദ്, ജോൺസൺ ജോസഫ്, പി.ശ്യാംകുമാർ, ആക്കുളം സുരേഷ്, മേരി പുഷ്പം, ആർ. ലക്ഷ്മി, ഡി.അനിൽകുമാർ, ആർ.ഹരികുമാർ, പാളയം ഉദയകുമാർ, ശ്രീകണ്ഠൻ നായർ,കൗൺസിലർമാരായ വനജ രാജേന്ദ്രബാബു, സി.ഓമന, സതികുമാരി, സെറാഫിൻ ഫ്രെഡി, മിലാനി പെരേര എന്നിവർ പങ്കെടുത്തു.

ബി.ജെ.പി പ്രവർത്തകർ ഓഫീസ് ഉപരോധിച്ചു

മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പാർലമെന്ററി പാർ‍ട്ടി ലീ‍ഡർ എം.ആർ.ഗോപന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ഡെപ്യൂട്ടി മേയർ പി.കെ.രാജുവിന്റെ ഓഫീസ് ഉപരോധിച്ചു.ഡെപ്യൂട്ടി മേയറുടെ ഓഫീസിന് മുന്നിൽ കൗൺസിലർമാർ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഉപരോധം തുടർന്നതോടെ പൊലീസ് കൗൺസിലർമാരെയും മറ്റു ബി.ജെ.പി പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി.എം.ആർ.ഗോപൻ,പി.അശോക് കുമാർ,സിമിജ്യോതിഷ്,എസ്.പത്മ,തിരുമല അനിൽ,ഡി.ജി.കുമാരൻ,കരമന അജിത് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.അറസ്റ്റ് ചെയ്തു നീക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കൗൺസിലർ കരമന അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement