താറാവ് കർഷകർക്ക് , നഷ്ടപരിഹാരം കിട്ടാൻ സംസ്ഥാനം കനിയണം

Sunday 06 November 2022 12:27 AM IST
കള്ളിംഗ്

ആലപ്പുഴ : പക്ഷിപ്പനിയെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കള്ളിംഗ് (കൊന്നു കത്തിച്ച) നടത്തിയ താറാവുകളുടെ നഷ്ടപരിഹാരം കർഷകരുടെ കൈകളിൽ എത്തണമെങ്കിൽ സംസ്ഥാന സർക്കാർ കനിയണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യ വിഹിതമിട്ടാണ് നഷ്ടപരിഹാരം നൽകേണ്ടത്.

കഴിഞ്ഞ രണ്ടുവർഷത്തെ നഷ്ടപരിഹാര തുക കർഷകന് വിതരണം നടത്തിയ ഇനത്തിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം മൃഗസംരക്ഷണ വകുപ്പിന് ഇനിയും ലഭിച്ചിട്ടില്ല. വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് കേന്ദ്ര വിഹിതവും ചേർത്ത് തുക വിതരണം ചെയ്തത്. എന്നാൽ, ഇത്തവണ കോർപ്പസ് ഫണ്ട് ചെലവഴിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് പാലക്കാട്, വയനാട്, തൃശൂർ ജില്ലകളിലെ പന്നിപ്പനി വ്യാപനമാണ് കാരണം. രോഗബാധ മൂലം കൊന്നൊടുക്കുന്ന പന്നികൾക്കുള്ള നഷ്ടപരിഹാരം കോർപ്പസ് ഫണ്ടിൽ നിന്ന് കർഷകർക്ക് വിതരണം നടത്തി വരികയാണ്. ഈ സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ പ്രത്യേക ഫണ്ട് അനുവദിച്ചെങ്കിലേ താറാവു കർഷകർക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യാൻ കഴിയൂ. തുക അനുവദിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക വിതരണം വൈകാനാണ് സാദ്ധ്യത. ഒരു പന്നിക്ക് നഷ്ടപരിഹാരമായി 15,000രൂപയാണ് വിതരണം ചെയ്യുന്നത്.

നഷ്ടപരിഹാരം വർദ്ധിപ്പിക്കണം

നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണമെന്നാണ് താറാവ് കർഷകരുടെ ആവശ്യം.താറാവ് കുഞ്ഞുങ്ങൾക്കും ഇവയെ വളർത്തുന്നതിനാവശ്യമായ തീറ്റയ്ക്കും വാക്‌സിനും വില കൂടിയതിനാൽ നഷ്ടപരിഹാരത്തുക 60 ദിവസം പ്രായമായ താറാവിന് 150 ഉം അതിന് മുകളിലുള്ളവയ്ക്ക് 300ഉം രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

60 ദിവസം പ്രായമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയും നഷ്ടപരിഹാരമായി നൽകാനാണ് 2014ൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തപ്പോൾ താറാവ് കർഷക സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ, കേന്ദ്ര സർക്കാർ തീരുമാനം അനുസരിച്ച് ഒരു താറാവിന് നഷ്ടപരിഹാരം നിശ്ചയിച്ചത് 135രൂപയാണ്. ഈ തുകയുടെ 50ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വഹിക്കും. ഇത്തവണ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ഇരു സർക്കാരുകളും മൗനം പാലിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ നഷ്ടപരിഹാരത്തുക വിതണം കേന്ദ്രത്തിന്റെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാകാനാണ് സാദ്ധ്യത.

135 : കേന്ദ്ര സർക്കാർ ഒരു താറാവിന് നിശ്ചയിച്ച നഷ്ടപരിഹാരത്തുക

Advertisement
Advertisement