ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന: തടങ്കലിൽ പാർപ്പിച്ച പെൺകുട്ടിയെ കണ്ടെത്തി

Sunday 06 November 2022 12:14 AM IST

കോഴിക്കോട് : നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നടത്തിയ മിന്നൽ പരിശോധനക്കിടെ തടങ്കലിൽ പാർപ്പിച്ച പെൺകുട്ടിയെ പൊലീസ് കണ്ടെത്തി മോചിപ്പിച്ചു. വെള്ളിയാഴ്ച രാത്രി റെയിവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലാണ് സംഭവം.

വീട്ടിൽ നിന്ന് വഴക്കിട്ട് റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടിയെ സഹായം വാഗ്ദാനം ചെ്യത് ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയ മലപ്പുറം തിരൂരങ്ങാടി മമ്പുറം നെച്ചിക്കാട്ട് വീട്ടിൽ ഉസ്മാൻ (53)നാണ് പിടിയാലായത്. ടൗൺ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ലോഡ്ജിൽ നടത്തിയ പരിശോധനയിൽ പൂട്ടിക്കിടക്കുന്ന മുറി ശ്രദ്ധയിൽ പെടുകയും ലോഡ്ജ് അധികൃതരെ വിളിച്ചു വരുത്തി തുറക്കുകയുമായിരുന്നു. പുറത്തുപോയ ഉസ്മാൻ തിരിച്ചുവന്ന ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പിതാവും മകളുമാണെന്നായിരുന്നു ഇയാൾ ലോഡ്ജ് അധികൃതരോട് പറഞ്ഞത്. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പരിശോധനയിൽ വിവിധ കേസുകളിലായി 112 പേരെ പിടികൂടി. പത്ത് പിടികിട്ടാപുള്ളികളും പന്തീരങ്കാവ് കൊലപാതക കേസിലെ പ്രതിയായ മൻജിത്, പോക്‌സോ കേസിലെ പ്രതിയായ ഷാമിൽ തുടങ്ങിയവരുൾപ്പെടെ 24 വാറണ്ട് കേസ് പ്രതികളും പിടിയിലായവരിലുണ്ട്. മദ്യപിച്ചു വാഹനം ഓടിച്ചതിന് 22 പേരും കഞ്ചാവ് ഉപയോഗിച്ചതിന് 29 പേരും പൊലീസിന്റെ വലയിലായി.
നഗരത്തിലെ മുഴുവൻ അസിസ്റ്റന്റ് കമമീഷണർമാരേയും എസ് .എച്ച് .ഒമാരുടേയും എസ്. ഐ മാരുടേയും പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചാണ് മിന്നൽ പരിശോധന നടത്തിയിരുന്നത്. സിറ്റി പൊലീസ് കമ്മീഷണർ എ. അക്ബർ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ. എ. ശ്രീനിവാസ് റെയ്ഡിന് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement