ഷാരൂഖും സൽമാനും അല്ല , ഏറ്റവും വലിയ നടൻ ഇമ്രാൻ ഖാൻ, വെടിവയ്‌പ്പിന് പിന്നിൽ ഇമ്രാന്റെ ബുദ്ധിതന്നെയെന്നും ആരോപണം

Monday 07 November 2022 1:56 PM IST

കറാച്ചി: പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ നടന്ന ആക്രമണം വെറും നാടകമായിരുന്നുവെന്ന് പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) തലവൻ മൗലാന ഫസ്‌ലുർ റഹ്‌മാൻ ആരാേപിച്ചു, അഭിനയത്തിൽ ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും ഇമ്രാൻ കവച്ചുവയ്ക്കുമെന്നും അദ്ദേഹം പരിഹസിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച ലോഗ് മാർച്ചിൽ പങ്കെടുക്കുമ്പോഴാണ് ഇമ്രാനുനേരെ വെടിവയ്പ്പുണ്ടായത്. വലതുകാലിന് പരിക്കേറ്റ ഇമ്രാൻ ശസ്ത്രക്രിയക്കുശേഷം ലാഹാേറിലെ സ്വകാര്യ വസതിയിൽ വിശ്രമത്തിലാണ്.

അടുത്ത തിരഞ്ഞെടുപ്പിൽ എങ്ങനെയും പാകിസ്ഥാന്റെ പ്രധാനമന്ത്രി കസേരയിൽ തിരികെ എത്തുക എന്നത് ഇമ്രാന്റെ ഏറ്റവും വലിയ ആവശ്യമാണ്. അതിനുകഴിഞ്ഞില്ലെങ്കിൽ പിന്നെ രാഷ്ട്രീയ വനവാസമായിരിക്കും ഫലം എന്ന് മറ്റാരെക്കാളും നന്നായി ഇമ്രാന് അറിയാം. സഹതാപ തരംഗത്തിലൂടെ വീണ്ടും അധികാരത്തിലെത്താം എന്നാണ് ഇമ്രാന്റെ കണക്കുകൂട്ടൽ. ഈ കണക്കുകൂട്ടലിനെ മുളയിലേ നുളളുകയാണ് എതിർ ചേരിയുടെ ലക്ഷ്യം. ഇമ്രാൻ ആളെവച്ച് വെടിവയ്ക്കുകായിരുന്നു എന്നും അവർ പറയുന്നുണ്ട്. ഒരേ ഒരു വെടിയുണ്ട മാത്രമാണ് ഇമ്രാനുനേരെ എത്തിയതെന്നും കാലിന് മാത്രമാണ് പരിക്കെന്നതുമാണ് ഇതിന് തെളിവായി അവർ നിരത്തുന്നത്. വ്യാഴാഴ്ച ഗുഖാറിൽ നടന്ന ലോംഗ് മാർച്ചിനിടെ വെടിയേറ്റ ഇമ്രാനെ അവിടെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഉടൻ ചികിത്സ നൽകുന്നതിനുപകരം ലാഹോറിലേക്ക് കൊണ്ടുപോയതാണ് ഏറെ കൗതുകകരമാണെന്നാണ് മൗലാന ഫസൽ പറയുന്നത്. വെടിയുണ്ടയുടെ പൊട്ടിയ കഷണങ്ങൾ കൊണ്ടാണ് ഇമ്രാന് പരിക്കേറ്റതെന്ന ന്യായത്തെയും ഫസൽ പരിഹസിക്കുന്നുണ്ട്. ഞങ്ങൾ ബോംബ് ശകലങ്ങൾ എന്ന് കേട്ടിട്ടുണ്ട്, എന്നാൽ വെടിയുണ്ടകളുടെ ശകലങ്ങളെ കുറിച്ച് ആദ്യമായിട്ടാണ് കേൾക്കുന്നത്-ഫസൽ പറഞ്ഞു.

എന്നാൽ ആരോപണങ്ങൾക്കും ആക്രമണങ്ങൾക്കും തന്നെ തളർത്താനാവില്ലെന്നും വസീറാബാദിൽ നിന്ന് ലോംഗ് മാർച്ച് പുനരാരംഭിക്കുമെന്നും ഇമ്രാൻ വ്യക്തമാക്കിയിട്ടുണ്ട്.