'ഹിന്ദു പേർഷ്യൻ വാക്കാണ്, അതിന്റെ അർ‌ത്ഥം വളരെ വൃത്തികെട്ടതാണ്'; വിവാദമായി കോൺഗ്രസ് നേതാവിന്റെ പ്രസംഗം

Monday 07 November 2022 7:47 PM IST

ബംഗളൂരു: കോൺഗ്രസ് നേതാവിന്റെ പരാമർശത്തെ തുടർന്ന് കർണാടകയിൽ രാഷ്‌ട്രീയ വിവാദം. 'ഹിന്ദു' എന്ന വാക്കിന്റെ ഉൽപത്തി ചോദ്യംചെയ്‌ത കോൺഗ്രസ് നേതാവായ സതീഷ് ജാർകിഹോളിയാണ് വിവാദ പ്രസംഗം നടത്തിയത്. ജാർകി‌ഹോളിയുടെ പ്രസംഗം കോൺഗ്രസിന് തലവേദനയുണ്ടാക്കി.

'എവിടെ നിന്നാണ് ഹിന്ദു എന്ന പദം വന്നത്? പേർഷ്യയിൽ നിന്ന്. പേർഷ്യ ഇന്ന് ഇറാൻ, ഇറാഖ്, കസാഖിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ്. ഈ വാക്കിന് ഇന്ത്യയുമായി ബന്ധമുണ്ടാകുന്നത് എങ്ങനെയാണ്. ഈ മതവും ഈ വാക്കും നിർബന്ധിച്ച് ഞങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്' ജാർ‌കിഹോളി പറഞ്ഞു. വാട്‌സാപ്പോ വിക്കീപീഡിയയിലോ പരിശോധിച്ചാൽ ഈ പദത്തിന്റെ അർത്ഥം മനസിലാകുമ്പോൾ നിങ്ങൾ ലജ്ജിച്ചുപോകുമെന്നും ജാർകിഹോളി പറഞ്ഞു. വൃത്തികെട്ട അർത്ഥമാണ് അതിനുള‌ളത്.

സംഭവത്തിൽ ശക്തമായ വിമർശനമാണ് ബിജെപി നടത്തിയത്. കോൺഗ്രസ് എപ്പോഴും ഭൂരിപക്ഷ ജനങ്ങളെ അധിക്ഷേപിച്ചിട്ടുണ്ടെന്നും മുൻപ് ഇത് സിദ്ധരാമയ്യ ആണ് ചെയ്‌തിരുന്നതെന്നും ബിജെപി നേതാവ് എസ്.പ്രകാശ് പറഞ്ഞു.