ഹർത്താൽ ദിനത്തിലെ അക്രമം; പോപ്പുലർ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം തുടങ്ങി

Tuesday 08 November 2022 1:28 PM IST

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ (പി എഫ് ഐ) സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം തുടങ്ങി. പി എഫ് ഐയുടെയും സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടുക. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും എൻ ഐ എ റെയ്‌ഡ് നടത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹർത്താൽ നടത്തിയിരുന്നു. ഹർത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.

ഹർത്താലിനിടയിൽ വ്യാപക അക്രമമാണ് നടന്നത്. കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. നഷ്ടപരിഹാരം ഹർത്താലിന് നേതൃത്വം നൽകിയ നേതാക്കളിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. കൂടാതെ കേസിലെ 12, 13 കക്ഷികളായ പോപ്പുലർ ഫ്രണ്ടിന്റെയും അബ്ദുൾ സത്താറിന്റെയും സ്വത്തുവിവരം തേടി രജിസ്‌ട്രേഷൻ ഐ ജിക്ക് ഡി ജി പി കത്ത് നൽകിയിട്ടുണ്ട്. അതേസമയം, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന റൗഫിന് ആർ എസ് എസുകാരെ വധിക്കാൻ ഹിറ്റ്‌ലി‌‌സ്‌റ്റ് തയ്യാറാക്കിയതിൽ പങ്കുണ്ടെന്ന് എൻ ഐ എ കണ്ടെത്തി. പാലക്കാട്ടെ ആർ എസ് എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിൽ ഇയാളെ പ്രതിചേർത്തിട്ടുണ്ട്.

ശ്രീനിവാസൻ വധക്കേസ് എൻ ഐ എ ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എൻ ഐ എ റൗഫിനെ പാലക്കാട് എസ് പി ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് ശ്രീനിവാസനെ കൊന്നത്. സുബൈർ കൊല്ലപ്പെട്ട ദിനം ജില്ലാ ആശുപത്രിയിൽവച്ച് ഗൂഡാലോചന നടത്തിയവരിൽ റൗഫും ഉണ്ടായിരുന്നുവെന്നാണ് എൻ ഐ എ സംശയിക്കുന്നത്.