ഈ യാത്രഅയപ്പ് സമ്മാനം അതുക്കുംമേലെ സാറേ....

Wednesday 09 November 2022 1:55 AM IST

പാലാ . കേരളം കണ്ട കായികപ്രതിഭകളിൽ മുഖ്യനായ കേണൽ ജി വി രാജയുടെ മാതൃവിദ്യാലയമായ പൂഞ്ഞാർ എസ് എം വി ഹയർസെക്കൻഡറി സ്‌കൂളിന്റെ കായികപ്പെരുമ ദേശീയ അന്തർദേശീയ തലങ്ങളിലെത്തിച്ച ഹെഡ്മാസ്റ്റർ നന്ദകുമാർ വർമ്മ പടിയിറങ്ങുമ്പോൾ ശിഷ്യർ ട്രാക്കിൽ ഒരുക്കുന്നത് ഗ്രാൻഡ് യാത്രഅയപ്പ്. ഇന്നലെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ റവന്യു ജില്ല സ്‌കൂൾ കായികമേളയിൽ ആദ്യന്തം നിറഞ്ഞു നിന്ന നന്ദകുമാർ വർമ്മ അടുത്ത സ്‌കൂൾ വർഷം വിരമിച്ച ഹെഡ്മാസ്റ്ററായേ ഗ്രൗണ്ടിലെത്തൂ. ജി വി രാജ നന്ദകുമാർ വർമ്മയുടെ വലിയമ്മാവനായിരുന്നു. സ്‌കൂളിലെ കായികാദ്ധ്യാപകൻ ജോസിറ്റ്‌ ജോൺ വെട്ടത്തിന് പൂർണ പിന്തുണയുമായി കഴിഞ്ഞ 32 വർഷമായി നന്ദകുമാർ വർമ്മ കൂടെ നിന്നു. അത്‌ലറ്റിക്‌സിൽ ദ്രോണാചാര്യ കെ പി തോമസ് മാഷ് സ്‌പോർട്‌സ് അക്കാഡമിയും, ഫുട്‌ബോളിൽ പൂഞ്ഞാർ ജി വി രാജ ഫുട്‌ബോൾ അക്കാഡമിയും കുട്ടികളെ പരിശീലിപ്പിച്ച് വരുന്നു. രണ്ട്‌ കോടി രൂപ മുടക്കി ആറ് ഏക്കർ സ്ഥലം വാങ്ങി ഫുട്‌ബാൾ മൈതാനം, സ്വിമ്മിംഗ് പൂൾ, കായികതാരങ്ങൾക്കായുള്ള ഹോസ്റ്റൽ എന്നിവയുടെ പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങി.

Advertisement
Advertisement