കേരള ടൂറിസത്തിന്  അന്തർദേശീയ പുരസ്കാരം; ഏറ്റുവാങ്ങി മന്ത്രി മുഹമ്മദ് റിയാസ്

Tuesday 08 November 2022 4:07 PM IST

ലണ്ടൻ: ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന്. വാട്ടർ സ്ട്രീറ്റ് പദ്ധതിക്കാണ് അവാർഡ് ലഭിച്ചത്. ലണ്ടനിൽ ലോക ട്രാവൽ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി. ടൂറിസം ഡയറക്ടർ പി.ബി. നൂഹ് ഐ എ എസ് , ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ . രൂപേഷ് കുമാർ എന്നിവർ അവാർഡ് ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.

ടൂറിസം മേഖലയിൽ ജനപങ്കാളിത്തത്തോടെ നടത്തിയ ജല സംരക്ഷണ പ്രവർത്തനത്തിലെ മാതൃകാ പ്രവർത്തനത്തിനാണ് വാട്ടർ സ്ട്രീറ്റ് പ്രോജക്ടിന് അവാർഡ് ലഭിച്ചത്. വാട്ടർ സ്ട്രീറ്റ് പദ്ധതി ജനകീയമായി നടപ്പാക്കുന്നുവെന്ന് ജൂറി വിലയിരുത്തി. വാട്ടർ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ കോട്ടയം മറവൻതുരുത്തിലെ പ്രവർത്തനങ്ങൾ ജൂറി എടുത്ത് പറഞ്ഞു.

കനാലുകളും വിവിധ ജലാശയങ്ങളും ആഴം കൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് പദ്ധതി. ജലാശയങ്ങളുടെ സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിക്കുകയും ചെയ്തു. കയാക്കിംഗ് ഉൾപ്പെടെയുള്ള ടൂറിസം പ്രവർത്തനങ്ങൾക്ക് ഇവ ഉപയോഗിച്ചു. ഓരോ പ്രദേശത്തും ജനകീയമായി ഒരു ടൂറിസം ഡെസ്റ്റിനേഷൻ രൂപപ്പെടുത്തുന്ന പ്രവർത്തനമാണ് സ്ട്രീറ്റ് പദ്ധതിയിൽ നടക്കുന്നത്. ഇതിലെ വാട്ടർ സ്ട്രീറ്റ് എന്ന ആശയവും അതിനായി നടക്കുന്ന ജനകീയ മുന്നേറ്റവും മാതൃകാപരമാണ് എന്ന് ജൂറി എടുത്ത് പറഞ്ഞു.

മറവൻതുരുത്തിന് പുറമേ കടലുണ്ടി, തൃത്താല, പട്ടിത്തറ, വലിയ പറമ്പ, പിണറായി , അഞ്ചരക്കണ്ടി, കാന്തല്ലൂർ, മാഞ്ചിറ, ചേകാടി എന്നിവിടങ്ങളിൽ ആണ് സ്ട്രീറ്റ് പദ്ധതി പുരോഗമിക്കുന്നത്. ഓരോ പ്രദേശത്തിനും അനുസരിച്ച് വിവിധ അനുഭവവേദ്യ വിനോദ സഞ്ചാര തെരുവുകൾ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സർക്കാരിന്റെ കാലത്താണ് സ്ട്രീറ്റ് പദ്ധതി തുടങ്ങുന്നത്. കൊവിഡാനന്തര കാലത്ത് കേരള ടൂറിസത്തിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം ആണെന്നും കേരള ടൂറിസത്തിന്റെ കുതിപ്പിന് ഈ അവാർഡ് സഹായകരമാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.