യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള കാരണം: ഋഷി സുനക്

Wednesday 09 November 2022 1:58 AM IST

ഈജിപ്റ്റ്: യുക്രെയ്‌നിലെ യുദ്ധം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള കാരണമാണെന്ന് യു.കെ പ്രധാനമന്ത്രി ഋഷി സുനക്. യു.എൻ കാലാവസ്ഥാ ഉച്ചകോടി കോപ് 27 വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്‌നിൽ പുട്ടിൻ നടത്തുന്ന വെറുപ്പുളവാക്കുന്ന യുദ്ധവും ലോകമെമ്പാടും ഊർജ വില ഉയരുന്നതും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തെ മന്ദഗതിയാക്കാനുള്ള കാരണമല്ലെന്നും കൂടുതൽ വേഗത്തിൽ പ്രവർത്തിക്കാനുള്ള കാരണമാണെന്നും സുനക് പറഞ്ഞു. കാലാവസ്ഥയും ഊർജസുരക്ഷയും കൈകോർക്കുന്നുവെന്നും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ അന്താരാഷ്ട്ര വേദിയാണെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള അടുത്ത നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ 120 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഈജിപ്തിലെ ഷറം എൽ ഷെയ്ഖിൽ യോഗം നടത്തിവരികയാണ്. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങൾക്കുള്ള നഷ്ടപരിഹാരവും പിന്തുണയുമാണ് യോഗത്തിന്റെ പ്രധാന ചർച്ചാ വിഷയങ്ങൾ. നമ്മുടെ കുട്ടികൾക്ക് ഒരു ഹരിതഗൃഹവും കൂടുതൽ സമൃദ്ധമായ ഭാവിയും നൽകാം. പ്രതീക്ഷയ്ക്ക് ഇടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചകോടിക്കിടെ ഇറങ്ങിയോടി സുനക്

കാലാവസ്ഥാ ഉച്ചകോടിക്കിടെ വേദിയിലിരിക്കുമ്പോൾ ഋഷി സിനക്കിന്റെ സഹായികൾ വരുകയും സ്വകാര്യമായി സംസാരിച്ചതിനു ശേഷം പെട്ടെന്നു തന്നെ അദ്ദേഹം അവിടെനിന്നും പോവുകയും ചെയ്തു. സഹായികളിൽ നിന്ന് എന്ത് വിവരമാണ് സ്വീകരിച്ചതെന്നും വേദിയിൽ നിന്നും ഇറങ്ങിയതിന്റെ കാരണം വ്യക്തമല്ലെന്നും യു.കെ ആസ്ഥാനമായുള്ള കാർബൺ ബ്രീഫിന്റെ ഡയറക്ടർ ലിയോ ഹിക്ക്മാൻ ട്വീറ്റിൽ വ്യക്തമാക്കി.

Advertisement
Advertisement