തിരഞ്ഞെടുപ്പിൽ ചൈന ഇടപെടുന്നു ട്രൂഡോ

Wednesday 09 November 2022 1:26 AM IST

കാനഡ: കനേഡിയൻ തിരഞ്ഞെടുപ്പിൽ ചൈന ഇടപെടാൻ ശ്രമിക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചു.

ബീജിംഗ് കനേഡിയൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതായും ജനാധിപത്യ രാജ്യങ്ങളുമായി അഗ്രസീവ് ഗെയിംസ് കളിക്കുകയാണെന്നും ട്രൂഡോ ആരോപിച്ചു.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ ബീജിംഗ് പിന്തുണയുള്ള സ്ഥാനാർത്ഥികളുടെ 'രഹസ്യ ശൃംഖല' കനേഡിയൻ ഇന്റലിജൻസ് തിരിച്ചറിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2019ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ 11 സ്ഥാനാർത്ഥികളെയെങ്കിലും ചൈന പിന്തുണച്ചതായി അധികൃതർ ട്രൂഡോയെ അറിയിച്ചിരുന്നു.

ബീജിംഗ് സ്ഥാനാർത്ഥികൾക്ക് ഫണ്ട് നൽകിയിട്ടുണ്ടെന്നും നിരവധി സ്ഥാനാർത്ഥികളുടെ പ്രചാരണ ഉപദേശകരായി ചൈനീസ് പ്രവർത്തകർ പ്രവർത്തിച്ചിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക ബ്രോഡ്കാസ്റ്റർ ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്തു, ഒന്റാറിയോ ആസ്ഥാനമായുള്ള ഒരു പ്രവിശ്യാ എംപിയുടെ ഓഫീസ് വഴി 160,000 പൗണ്ട് ധനസഹായം ലഭിച്ചതായും വിവരമുണ്ട്. ടൊറന്റോയിലെ ചൈനയുടെ കോൺസുലേറ്റിൽ നിന്ന് നടപ്പാക്കിയ ഈ ഓപ്പറേഷന്റെ ഭാഗമായി എം.പിമാരുടെ ഓഫീസുകളിൽ പ്രവർത്തകരെ കുത്തിത്തിരുകി അവിടെ നിന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

ട്രൂഡോയുടെ ലിബറൽ പാർട്ടിയെയും പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെയും ഉൾപ്പെടെ പ്രധാന രാഷ്ട്രീയ പാർട്ടികളെ ഈ ഇടപെടൽ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഈ ഓപ്പറേഷൻ വിജയിച്ചോ എന്നതിൽ വ്യക്തതയില്ല.

ആരോപണങ്ങളെക്കുറിച്ചുള്ള ഗ്ലോബൽ ന്യൂസിന്റെ ചോദ്യങ്ങളോട് കാനഡയിലെ ചൈനീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല.

Advertisement
Advertisement