'ട്രിപ്പ് മോഡിൽ കഷായം ഗ്രീഷ്മ',​ 'ഇത് തെളിവെടുപ്പല്ല,​ ഉല്ലാസ യാത്ര'; സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞ് ട്രോളുകൾ

Wednesday 09 November 2022 5:36 PM IST

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മയുമായി ക്രൈം ബ്രാഞ്ച് സംഘം തൃപ്പരപ്പിലെ ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. വെട്ടുകാട് പള്ളിയിൽ വച്ച് താലികെട്ടിയതിന് ശേഷം ഷാരോണിനൊപ്പം മൂന്ന് ദിവസം ഇവിടെ താമസിച്ചിരുന്നതായി ഗ്രീഷ്മ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് സംഘം ഗ്രീഷ്മയുമായി റിസോർട്ടിലെത്തിയത്.

ഷാരോൺ പഠിച്ച നെയ്യൂരിലെ സി എസ് ഐ കോളേജിലും ഇരുവരും ജ്യൂസ് ചലഞ്ച് നടത്തിയ പാലത്തിലും ഗ്രീഷ്മയെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തി. കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നതായി പ്രതി ഗ്രീഷ്മ മൊഴി നൽകിയിരുന്നു. ഇതിനായി ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തി നൽകിയതായും ഗ്രീഷ്മ പറഞ്ഞു. ഷാരോൺ പഠിക്കുന്ന നെയ്യൂർ കോളേജിലെ ശുചിമുറിയിൽ വച്ചാണ് ജ്യൂസിൽ ഗുളിക കലർത്തിയതെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.

തലേദിവസം തന്നെ ഷാരോണിന് നൽകുന്നതിനായി 50 ഡോളോ ഗുളികകൾ കുതിർത്ത് കയ്യിൽ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാൽ ജ്യൂസിന് കയ്പ്പ് തോന്നിയതിനാൽ ഷാരോൺ തുപ്പിക്കളഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി ഗ്രീഷ്മയെ കോളേജിൽ എത്തിച്ചത്.

അതേസമയം, ഗ്രീഷ്മയുമായുള്ള ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പിനെ വിമർശിച്ചും പരിഹസിച്ചും സമൂഹമാദ്ധ്യമങ്ങളിൽ കമന്റുകളും ട്രോളുകളും നിറയുകയാണ്. ട്രിപ്പ് മോഡിലെ തെളിവെടുപ്പെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഗ്രീഷ്മയുമായി അന്വേഷണ സംഘം ട്രിപ്പ് പോവുകയാണെന്നാണ് പ്രധാന പരിഹാസം. തെളിവെടുപ്പിനിടെ ഗ്രീഷ്മയുമായി പൊലീസ് ഉദ്യോഗസ്ഥർ തമാശകൾ പങ്കുവയ്ക്കുന്നതും ഗ്രീഷ്മ കളിച്ചും ചിരിച്ചും അവരോട് ഇടപഴകുന്നതുമാണ് ട്രോളുകൾക്കാധാരം. യാതൊരു കൂസലുമില്ലാതെ ഗ്രീഷ്മ തെളിവെടുപ്പിൽ കാര്യങ്ങൾ വിശദീകരിക്കുന്നത് ഏവരെയും ഞെട്ടിച്ചിരുന്നു. കഷായം ഗ്രീഷ്മയെന്ന പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും മറ്റും ട്രോൾ വീഡിയോകളും വ്യാപകമാണ്.

Advertisement
Advertisement