ട്രാക്കിലും ഫീൽഡിലും 'റെക്കാഡ് മഴ'.

Thursday 10 November 2022 12:41 AM IST

പാലാ . ജില്ലാ കായികമേളയിൽ പെയ്തിറങ്ങിയത് 5 മീറ്റ് റെക്കാഡുകൾ. സീനിയർ വിഭാ​ഗത്തിൽ വ്യക്തി​ഗത ചാമ്പ്യനായ ബേസിൽ ബിനോയ് ഇരട്ടറെക്കാഡ് കുറിച്ചു. പൂഞ്ഞാർ എസ് എം വി യിലെ പ്ലസ് ടു വിദ്യാർത്ഥിയായ ബേസിൽ 100, 200 മീറ്റർ ഓട്ടത്തിലാണ് റെക്കാഡ് നേട്ടം കൊയ്തത്. 100 മീറ്ററിൽ 20 വർഷം പഴക്കമുള്ള റെക്കാഡാണ് തിരുത്തിയത്. 10.80 സെക്കൻഡിൽ ഫിനിഷ് ലൈൻ തൊട്ടു. 200 മീറ്റർ 22.43 സെക്കൻഡിൽ പൂർത്തിയാക്കി 14 വർഷത്തിന് മുമ്പ് ദിലീപ് വേണു​ഗോപാൽ സ്ഥാപിച്ച 22.6 സെക്കൻഡ് റെക്കാഡാണ് പഴങ്കഥയായത്. ജൂനിയർ ആൺകുട്ടികളുടെ 800 മീറ്ററിൽ 1 മിനിറ്റ് 59 സെക്കൻഡിലാണ് പാലാ സെന്റ് തോമസിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സ്വാലിഹി​ന്റെ റെക്കാഡ് നേട്ടം. 2008 - 2009 ൽ അതേ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ആൽബിൻ അഗസ്റ്റിൻ സ്ഥാപിച്ച 2.04 മിനിറ്റിന്റെ റെക്കാഡാണ് തകർത്തത്.

ട്രിപ്പിൽ ജമ്പിൽ 17 വർഷം മുമ്പ് സ്ഥാപിച്ച റെക്കാഡ് തിരുത്തിയാണ് കുറുമ്പനാടം സെന്റ് പീറ്റേഴ്‌സിന്റെ ബിറ്റോ ജോജി താരമായത്. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ് പ്ലസ് ടു വിദ്യാർഥിയായ ബിറ്റോ 14.48 ചാടി പുതിയ റെക്കാഡിട്ടത്. 2005ൽ 14.30 ചാടി ആർപ്പൂക്കര എംസിവി എച്ച്എസ്എസിലെ എം. അജിത്ത് സ്ഥാപിച്ച റെക്കാഡാണ് മറികടന്നത്. സ്‌കൂൾ മീറ്റിൽ ആദ്യമായി മത്സരിക്കാനെത്തിയ ആഷ്‌ന ബൈജു സബ് ജൂനിയർ വിഭാ​ഗം ഹൈ ജമ്പിൽ 1.43 മീറ്റർ ചാടി റെക്കാഡിന് ഉടമയായി. ഭരണങ്ങാനം എസ്എച്ച് ജിഎച്ച് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആഷ്ന സബ് ജൂനിയർ പെൺകുട്ടികളിൽ വ്യക്തി​ഗത ചാമ്പ്യയായി.

Advertisement
Advertisement