വാച്ച് ടു ചിൽഡ്രൺ പദ്ധതിയുമായി പൊലീസ്; 'കറങ്ങി നടന്നാൽ വീട്ടിലറിയും"

Wednesday 09 November 2022 8:48 PM IST

കണ്ണൂർ:സ്കൂളിൽ പോകാതെ കറങ്ങി നടക്കുന്ന കുട്ടികളെ കണ്ടെത്തി അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കോർപ്പറേഷൻ പരിധിയിൽ വാച്ച് ടു ചിൽഡ്രൺ പദ്ധതിയുമായി കണ്ണൂർ പൊലീസ്. ഇതിനോടകം നിരവധി കുട്ടികളെ ഇത്തരം സാഹചര്യത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് എ.സി.പി.ടി.കെ.രത്നകുമാർ പറഞ്ഞു.

എ.സി.പി കണ്ണൂർ,വനിതാസെൽ സി.ഐ എസ്.സുധ,വനിത എസ്.ഐ ,എ.ആർ ക്യാമ്പ്, ജനമൈത്രി എന്നിവിടങ്ങിലെ വനിതാ ഉദ്യോഗസ്ഥർ , പിങ്ക് പൊലീസ് ,കോ‌ർപ്പറേഷൻ പരിധിയിലും തൊട്ടടുത്തുമുള്ള സ്കൂളുകളിലെ പ്രധാനാദ്ധ്യാപകർ,എന്നിവരടങ്ങുന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് വാച്ച് ടു ചിൽഡ്രൺ പദ്ധതിയുടെ നടത്തിപ്പ് .നേരത്തെ വിവരമറിയിക്കാതെ സംശയാസ്പദമായ സാഹചര്യത്തിൽ ലീവെടുക്കുന്ന വിദ്യാ‌ത്ഥികളെ കുറിച്ചും സംശയാസ്പദമായി നേരത്തെ വരികയും നേരത്തെ പോവുകയും ചെയ്യുന്ന കുട്ടികളെ കുറിച്ചും ഗ്രൂപ്പിൽ അറിയിക്കുകയെന്നതാണ് പ്രധാനദ്ധ്യാപകരുടെ ഉത്തരവാദിത്വം.മയക്കുമരുന്നിന് അടിമപ്പെടാൻ സാധ്യതയുള്ളതും അത്തരം കൂട്ടുകെട്ടിൽപ്പെടുന്ന കുട്ടികളുണ്ടെങ്കിൽ അവരുടെ വിവരവും ഈ വാട്സ് ആപ്പ് ഗ്രൂപ്പിൽ കൈമാറണം.ആരാണ് ഈ വിവരങ്ങൾ നൽകിയതെന്ന് വെളിപ്പെടുത്താതെ തന്നെ പൊലീസ് ഈ കുട്ടികളുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തും .ആദ്യഘട്ടത്തിൽ രക്ഷിതാക്കളെ വിവരമറിയിക്കുകയും ബോധവത്ക്കരിക്കുകയും ചെയ്യും.

യൂണിഫോമിൽ കറങ്ങേണ്ട

സ്കൂൾ നാല് മണിക്ക് വിട്ടു കഴിഞ്ഞാലും ഇരുട്ടുംവരെ വിദ്യാർത്ഥികൾ യൂണിഫോണിൽ നഗരത്തിൽ മാളുകളിലും സിനിമാടാക്കീസുകളിലും ചുറ്റുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എ.സി.പി പറഞ്ഞു.ആദ്യഘട്ടത്തിൽ കോർപ്പറേഷൻ പരിധിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.മാളുകളിലും പ്രധാന കേന്ദ്രങ്ങളിലും പരിശോധന നടത്തും.മഫ്ടിയിലായിരിക്കും പൊലീസ് സംഘം .സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി മാളുകളിലും നഗരത്തിൽ പലയിടത്തുമായി ചുറ്റിക്കറങ്ങുന്ന കുട്ടികളും നേരത്തെ തന്നെ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.സുഹൃത്തുക്കളെ കൊണ്ട് രക്ഷിതാവാണെന്ന വ്യാജേന അദ്ധ്യാപകരെ വിളിച്ച് തെറ്റിദ്ധരിപ്പിച്ച് ലീവെടുക്കുന്ന പ്രവണതയും കുട്ടികളിൽ കാണുന്നുണ്ട്.ഇത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതിനെല്ലാമാണ് പുതിയ നീക്കം.

Advertisement
Advertisement