ഗവ‌ർണർ പാൻമസാലയുടെ അംബാസഡർ,​ മാദ്ധ്യമങ്ങളെ കാണുന്നത് പാൻമസാല ഉപയോഗിച്ച്,​ രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണമെന്ന് എസ് എഫ് ഐ

Wednesday 09 November 2022 9:51 PM IST

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടുത്ത ഭാഷയിൽ വിമർശിച്ച് എസ്.എഫ്,​ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു. പാൻമസാല ഉപയോഗിച്ചു കൊണ്ടാണ് ഗവ‌ർണർ മാദ്ധ്യമങ്ങളെ കാണുന്നതെന്ന് വി.പി. സാനു ആരോപിച്ചു. പാൻമസാലയുടെ അംബാസഡറായി ഗവ‌ർണർ മാറി. രാജ്‌ഭവനിൽ എക്സൈസ് പരിശോധന നടത്തണമെന്നും വി,​പി.സാനു പറഞ്ഞു. ജനങ്ങളെ വെല്ലുവിളിക്കുന്ന ഗവർണറെ കേന്ദ്രം തിരികെ വിളിക്കണമെന്നും എസ്.എഫ്,​ഐ ആവശ്യപ്പെട്ടു.

അതേസമയം കേരളത്തിലെ സർവ കലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിനായി ഡിസംബർ അഞ്ച് മുതൽ സഭാസമ്മേളനം ചേരാനായിരുന്നു ധാരണയെങ്കിലും നടപടികൾ അതിവേഗത്തിലാക്കണമെന്ന ഉദ്ദേശത്തോടെ ഓർഡിനൻസ് കൊണ്ടുവരുക എന്ന തീരുമാനത്തിലെത്തുകയായിരുന്നു. ശ്യാം ബി മേനോൻ കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശ പ്രകാരമാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.

എന്നാൽ ഓർഡിനൻസ് നടപ്പിലാകണമെങ്കിൽ ഗവർണർ ഒപ്പിടണം. ഗവർണർക്ക് പകരമായി വിദ്യാഭ്യാസ വിദഗ്ദ്ധരെ ചാൻസലർമാരാക്കാനാണ് നീക്കം. ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലർമാർ ഉണ്ടാകും.കേരളത്തിലെ സ‌ർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനാകുമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഗവർണർക്ക് പകരമായി വകുപ്പ് മന്ത്രിമാരെയോ വിദ്യാഭ്യാസ വിദഗ്ദ്ധരെയോ ചാൻസലറായി നിയമിക്കാമെന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചത്. മുൻ അറ്റോർണി ജനറൽ അടക്കമുള്ള ഭരണഘടനാ വിദഗ്ദ്ധരാണ് സർക്കാരിന് നി‌ർദേശങ്ങൾ നൽകിയത്.