ട്രോൾ മഴയ്ക്ക് പിന്നാലെ വി എഫ് എക്സ് മാറ്റി 'ആദിപുരുഷ്'; ബഡ്ജറ്റിൽ വൻ വർദ്ധന

Wednesday 09 November 2022 9:59 PM IST

പ്രഭാസും സെയ്ഫ് അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ആദിപുരുഷ്'. വൻ ബഡ്ജറ്റിൽ എത്തുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത് കണ്ട ആരാധകർ വലിയ നിരാശയിലായി.വളരെ മോശമായ വി എഫ് എക്സിന്റെ ഉപയോഗമാണ് അതിന് കാരണം. വിമർശനങ്ങൾക്കൊപ്പം ചിത്രത്തെ കളിയാക്കി ട്രോളുകളും ഇറങ്ങിയിരുന്നു. ഈ സാഹചാര്യത്തിൽ ചിത്രത്തിന്റെ വി എഫ് എക്സിൽ മാറ്റം വരുത്താൻ അണിയറ പ്രവർത്തകർ തയ്യാറാകുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മികച്ച വി എഫ് എക്സ് ഉപയോഗിച്ചതിലൂടെ നിർമ്മാതാക്കൾക്ക് അധിക ചെലവ് ഉണ്ടായെന്നാണ് സൂചന. ചിത്രത്തിന്റെ ബഡ്ജറ്റിൽ 25ശതമാനം മുതൽ 30 ശതമാനം വരെ വർദ്ധനവുണ്ടായി. ഇതോടെ ചിത്രത്തിന്റെ മുഴുവൻ ബഡ്ജറ്റ് ഏകദേശം 550 കോടിയ്ക്ക് മുകളിലാകും. നിലവിലെ ടീസറിനെക്കുറിച്ചുള്ള മോശം അഭിപ്രായത്തിൽ ഈ തുക തിരിച്ചു പിടിക്കാനാകുമോ എന്നാണ് നിർമ്മാതക്കളുടെ ആശങ്ക.

രാമായണത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ശ്രീരാമനെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത് എന്ന വാർത്ത പുറത്ത് വന്നത് മുതൽ ആരാധകർ ചിത്രത്തിനായി വലിയ പ്രതീക്ഷ തന്നെ വെച്ച് പുലർത്തിയിരുന്നു. എന്നാൽ സിനിമയുടെ ടീസർ പുറത്ത് വന്നതോടെ ആ പ്രതീക്ഷകൾക്ക് വലിയ രീതിയിൽ തന്നെ കോട്ടം തട്ടി.പ്രഭാസും സെയ്‌ഫ് അലി ഖാനും കൃതി സനോണും അടക്കം മികച്ച താരനിര ചിത്രത്തിൽ അണിനിരക്കുന്നത്. ടീസർ റിലീസ് അയോദ്ധ്യയിലെ സരയൂ നദിക്കരയിൽ വെച്ചാണ് നടന്നത്. ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിന് തയ്യാറാകുന്ന ആദിപുരുഷിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് ഓം റാവോത്ത് ആണ്. ഐമാക്‌സ് 3ഡി ഫോര്‍മാറ്റിൽ കണ്ട് ആസ്വദിക്കാവുന്ന തരത്തിൽ ടി സിരീസും റെട്രോഫൈല്‍സും സംയുക്തമായി നിർമിച്ചിരിക്കുന്നു.