കേരളത്തിലേക്ക് എം.ഡി.എം.എ എത്തിക്കുന്ന വിദേശികൾ പിടിയിൽ

Thursday 10 November 2022 1:28 AM IST

തൃശൂർ: കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ എത്തിച്ച് മൊത്തക്കച്ചവടം നടത്തുന്ന വിദേശസംഘം അറസ്റ്റിൽ. ബംഗളൂരുവിലെ യെലഹങ്ക ആസ്ഥാനമാക്കി ലഹരിവിപണനം നടത്തുന്ന അധോലോകസംഘത്തിലെ സുഡാൻ സ്വദേശി ഡോൺ എന്ന ഫാരിസ് മൊക്തർ ബാബികർ അലി (29), ഇയാളോടൊപ്പം താമസിച്ചിരുന്ന പാലസ്തീൻ സ്വദേശി ഹസൈൻ (29) എന്നിവരെയാണ് സിറ്റി പൊലീസ് ലഹരിവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. അലിയിൽ നിന്ന് 350 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

പാലസ്തീൻ സ്വദേശിയെയും പിടികൂടിയ മയക്കുമരുന്നും നിയമനടപടികൾക്കായി ബംഗളൂരു പൊലീസിന് കൈമാറി. 2022 മേയിൽ മണ്ണുത്തി സ്റ്റേഷൻ പരിധിയിൽ 197 ഗ്രാം എം.ഡി.എം.എയുമായി ചാവക്കാട് സ്വദേശി ബുർഹാനുദ്ദീനെ (26) പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെ, മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്നത് സുഡാൻ സ്വദേശിയാണെന്ന് വ്യക്തമായി.

ചാവക്കാട്, കുന്നംകുളം മേഖലകളിൽ മയക്കുമരുന്ന് ചില്ലറ വിൽപ്പന നടത്താനായി കൊണ്ടുവരുന്നതിനിടെയാണ് ബുർഹാനുദ്ദീനെ ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വിദേശികളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഇതിനുമുമ്പും പലതവണ വിദേശത്ത് നിന്നും വൻതോതിൽ മയക്കുമരുന്ന് കടത്തി വിതരണം ചെയ്‌തു. പഠനാവശ്യത്തിനായി ഏഴ് വർഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. വിസ നടപടിക്രമങ്ങൾ ലംഘിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ചില്ലറ വിൽപ്പനക്കാരെയും ഇതിനുമുമ്പ് പിടിച്ചിട്ടുണ്ടെങ്കിലും മയക്കുമരുന്ന് കള്ളക്കടത്തുകാരെയും മൊത്തക്കച്ചവടം നടത്തുന്നവരെയും പിടികൂടുന്നത് അപൂർവമാണ്. മയക്കുമരുന്ന് സംഘത്തെ നിരീക്ഷിക്കാനും അറസ്റ്റ് ചെയ്യാനും തൃശൂർ സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ ബംഗളൂരുവിലെത്തിയിരുന്നു. നിരവധി മലയാളി വിദ്യാർത്ഥികളും ചെറുപ്പക്കാരും മയക്കുമരുന്നിന് അടിമപ്പെട്ടിട്ടുണ്ടെന്നും, മയക്കുമരുന്ന് കടത്തിനിടെ പിടിയിലായ മലയാളി വിദ്യാർത്ഥികൾ അടക്കം ജയിലിലുണ്ടെന്നും ബംഗളൂരു പൊലീസ് പറഞ്ഞു.

Advertisement
Advertisement