പൊലീസ് കസ്റ്റഡിയിൽ മധുവിന് പീഡനമേറ്റിട്ടില്ല: മുൻ മജിസ്‌ട്രേട്ട്

Thursday 10 November 2022 1:27 AM IST

മണ്ണാർക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ യാതൊരു മാനസിക ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന് മണ്ണാർക്കാട് മജിസ്‌ട്രേട്ട് ആയിരുന്ന എം. രമേശൻ മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയിലും വ്യക്തമാക്കി. കസ്റ്റഡിയിലിരിക്കെയാണ് മരണം സംഭവിച്ചത്. എന്നാൽ, കസ്റ്റഡി മരണമല്ലെന്നും രമേശൻ പറഞ്ഞു.

അന്നത്തെ മജിസ്‌ട്രേട്ടായിരുന്ന രമേശൻ തയ്യാറാക്കിയ മജിസ്റ്റീരിയൽ റിപ്പോർട്ടിൽ മധുവിന്റേത് കസ്റ്റഡി മരണമല്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. ഈ റിപ്പോർട്ട് കേസ് ഫയലിനൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. ഇതോടെ നാലു വർഷം മുമ്പ് തയ്യാറാക്കിയ രണ്ട് മജിസ്റ്റീരിയൽ റിപ്പോർട്ടും കോടതി വിളിച്ചുവരുത്തി. ഒപ്പം മജിസ്‌ട്രേട്ട് എം. രമേശനോട് ഹാജരാവാനും നിർദ്ദേശിച്ചു.

അതേസമയം മധുവിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ പൊലീസ് പാലിച്ചില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ദേഹപരിശോധന അടക്കം നടത്തിയിട്ടില്ല. പൊലീസ് തയ്യാറാക്കിയത് വ്യാജ പരിശോധാ റിപ്പോർട്ടെന്നും പ്രതിഭാഗം ആരോപിച്ചു. മജിസ്ട്രീരിയൽ റിപ്പോർട്ട് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാൻ മാത്രമാണെന്നും അവശനായ മധുവിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാത്തത് കസ്റ്റഡി മരണമെന്നതിന് തെളിവെന്നും പ്രതിഭാഗം വാദിച്ചു. തൊട്ടടുത്ത് ആശുപത്രി ഉണ്ടായിരുന്നെങ്കിൽ പൊലീസ് കാണിക്കുമായിരുന്നു എന്നാണ് വിശ്വാസമെന്നും ഇല്ലെങ്കിൽ അത് പൊലീസിന്റെ വീഴ്ചയെന്നും രമേശൻ പറഞ്ഞു.

Advertisement
Advertisement