സംസ്ഥാന സ്‌കൂൾ നീന്തൽ: ചാമ്പ്യൻ പട്ടം ചൂടി തിരുവനന്തപുരം

Thursday 10 November 2022 12:00 AM IST
ധനുഷ്

തൃശൂർ: എതിരാളികളെ ബഹുദൂരം പിന്നിലാക്കി സംസ്ഥാന സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ചാമ്പ്യൻമാർ. 79 സ്വർണവും 65 വെള്ളിയും 54 വെങ്കലവും അടക്കം 705 പോയിന്റ് നേടിയാണ് തിരുവനന്തപുരം ജേതാക്കളായത്. 13 സ്വർണവും 12 വെള്ളിയും 15 വെങ്കലവും അടക്കം 139 പോയിന്റ് നേടി എറണാകുളം റണ്ണറപ്പായി. ആറ് സ്വർണവും എട്ട് വെള്ളിയും ഏഴ് വെങ്കലവും അടക്കം 75 പോയിന്റോടെ ആതിഥേയ ജില്ലയായ തൃശൂർ മൂന്നാം സ്ഥാനം നേടി. കോട്ടയം (58), പാലക്കാട് (55) ജില്ലകൾ നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി.

സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം കണ്യാർകുളങ്ങര ഗവ. ഗേൾസ് എച്ച്.എസ്.എസിനാണ് കിരീടം. 11 സ്വർണവും 10 വെള്ളിയും 11 വെങ്കലവും അടക്കം 96 പോയിന്റും നേടിയാണ് കണ്യാർകുളങ്ങര ചാമ്പ്യന്മാരായത്. 13 സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും അടക്കം 82 പോയിന്റോടെ തിരുവനന്തപുരം തുണ്ടത്തിൽ എം.വി.എച്ച്.എസ്.എസ് റണ്ണറപ്പായി. തിരുവനന്തപുരം തിരുവല്ലം എച്ച്.എസ്.എസ് ആറ് സ്വർണവും ഏഴു വെള്ളിയും മൂന്ന് വെങ്കലവും അടക്കം 54 പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

എം.ആർ. സ്മൃതികേതും മെഹ്‌ലു ഘോഷും വേഗമേറിയ താരങ്ങൾ

50 മീറ്റർ ഫ്രീ സ്‌റ്റൈലിൽ സീനിയർ ബോയ്‌സ് വിഭാഗത്തിൽ മത്സരിച്ച വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലെ എം.ആർ. സ്മൃതികേത് (25:75 സെക്കന്റ്) ആണ് ചാമ്പ്യൻഷിപ്പിലെ വേഗമേറിയ താരം. 50 മീറ്റർ ഫ്രീ സ്‌റ്റൈൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ മത്സരിച്ച തുണ്ടത്തിൽ എം.വി.എച്ച്.എസിലെ മെഹ്‌ലു ഘോഷ് (30:38 സെക്കന്റ്) ആണ് വേഗറാണി.

എസ്. അഭിഷേക്, മോങ്ഗം യാഗ്‌ന, കാർത്തിക് എസ്. പ്രദോഷ് വ്യക്തിഗത ചാമ്പ്യൻമാർ

സബ്ജൂനിയർ ബോയ്‌സിൽ മൂന്നുവീതം സ്വർണമെഡൽ കരസ്ഥമാക്കിയ എസ്. അഭിഷേക്, മോങ്ഗം യാഗ്‌ന, കാർത്തിക് എസ്. പ്രദോഷ് എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. സബ്ജൂനിയർ ഗേൾസിൽ ആർ.എസ്. വൃന്ദ വ്യക്തിഗത ചാമ്പ്യനായി. ജൂനിയർ ബോയ്‌സിൽ മൂന്നു വീതം സ്വർണം നേടിയ എസ്. അഭിനവ്, കെവിൻ ജിനു, മോങ്ഗം സാംദേവ്, ജൂനിയർ ഗേൾസിൽ നാദിയ ആസിഫ് എന്നിവർ വ്യക്തിഗത ചാമ്പ്യമാരായി.
സീനിയർ ബോയ്‌സിൽ മൂന്നുവീതം സ്വർണം നേടിയ പി.ജെ. ധനുഷ്, ആർ. റുഹുനു കൃഷ്ണൻ, എം.ആർ. സ്മൃതികേത്, സീനിയർ ഗേൾസിൽ എസ്. അനുശ്രീ, എം.ആർ. അഖില, എസ്. വന്ദന, ഭദ്ര സുദേവൻസ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.

Advertisement
Advertisement