കന്നഡ നടൻ ലോഹിതാശ്വ അന്തരിച്ചു

Thursday 10 November 2022 1:56 AM IST

ബം​ഗളൂരു; മുതിർന്ന കന്നഡ നടനും നാടകകൃത്തും എഴുത്തുകാരനുമായ ടി.എസ്.ലോഹിതാശ്വ (80) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോഹിതാശ്വയുടെ മകനും നടനുമായ ശരത്ത് ലോഹിതാശ്വയാണ് മരണവിവരം പുറത്തുവിട്ടത്.

500-ഓളം കന്നഡ സിനിമകളിലും നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ച നടനാണ് ലോഹിതാശ്വ. എ.കെ. 47, ദാദ, ദേവ, നീ ബരെദ കാദംബരി, സംഗ്ലിയാന തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. അന്തിം രാജ, ഗൃഹ ഭംഗ, മാൽഗുഡി ഡെയ്‌സ്, നാട്യറാണി ശന്താള എന്നീ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. റിട്ട. ഇംഗ്ലീഷ് പ്രൊഫസറാണ്. നാടകവും കവിതാ സമാഹാരവും ഉൾപ്പെടെയുള്ള കൃതികൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. കർണാടക നാടക അക്കാദമി പുരസ്കാരം, കർണാടക രാജ്യോത്സവ പുരസ്കാരം എന്നിവ നേടി. മൃതദേഹം ബുധനാഴ്ച രാവിലെ ജന്മനാടായ തുമകൂരു തൊണ്ടഗെരെയിലേക്ക് കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച വൈകീട്ട് നടക്കും. വത്സലയാണ് ഭാര്യ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ ലോഹിതാശ്വയുടെ നിര്യാണത്തിൽ അനുശോചിച്ചു.

Advertisement
Advertisement