മോശം ഹൈവേ നിർമ്മാണം; മാപ്പപേക്ഷിച്ച് ഗഡ്കരി

Thursday 10 November 2022 2:03 AM IST

ഭോപ്പാൽ മദ്ധ്യപ്രദേശിലെ മോശമായ ഹൈവേ നിർമ്മാണത്തിൽ ജനങ്ങളോട് പരസ്യമായി മാപ്പപേക്ഷിച്ച് കേന്ദ്രമന്ത്രി നിതിൻ ഗ‌ഡ്കരി. നിർമ്മാണത്തിലെ പോരായ്മ വ്യക്തമായതോടെയാണ് ജബൽപൂരിൽ ജനങ്ങളോട് സംസാരിക്കവെ ഗഡ്കരി ക്ഷമാപണം നടത്തിയത്. ഹൈവേ നിർമ്മാണത്തിനായി പുതിയ കരാറിന് ഉത്തരവിടുകയും ചെയ്തു. എനിക്ക് സങ്കടവും വേദനയും ഉണ്ട്. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തനിക്ക് മടിയില്ല. 400 കോടി ചെലവിൽ മണ്ഡ്ല മുതൽ ജബൽപൂർ വരെ നിർമ്മിക്കുന്ന ഹൈവേയിൽ താൻ തൃപ്തനല്ലെന്നും അദ്ദേഹം പറഞ്ഞു. ഗ‌ഡ്കരിയുടെ വാക്കുകളെ വലിയ കരഘോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ ഉത്തരവിട്ട ഗ‌ഡ്കരി നിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും പാത പുതുക്കി പണിയാനുള്ള ടെൻഡർ നടപടികൾക്ക് അനുവാദം നൽകുകയും ചെയ്തു. പുതിയ റോഡ് ഉടനെ നടപ്പാക്കുമെന്ന വാക്കും അദ്ദേഹം ജനങ്ങൾക്ക് നൽകി. മദ്ധ്യപ്രദേശിന് ആറ് ലക്ഷം കോടിയുടെ റോഡുകൾ നൽകുമെന്ന വാഗ്ദാനവും ഗഡ്കരി നടത്തി.

Advertisement
Advertisement