ഇക്വിറ്റോറിയൽ ഗിനിയിൽ തടവിലുള്ളവരെ നൈജീരിയയിലേക്ക് മാറ്റുന്നു; മലയാളികളടക്കം പതിനഞ്ച് പേരെ ലൂബ തുറമുഖത്തെത്തിച്ചു
Thursday 10 November 2022 3:19 PM IST
ന്യൂഡൽഹി: ഇക്വിറ്റോറിയൽ ഗിനിയിൽ തടവിലുള്ളവരെ നൈജീരിയയിലേക്ക് മാറ്റുന്നു.താനടക്കമുള്ള 15 ഇന്ത്യക്കാരെ ലൂബ തുറമുഖത്തെത്തിച്ചതായി സംഘത്തിലുള്ള കൊല്ലം സ്വദേശി വിജിത്ത് വി നായർ പറഞ്ഞു. ഇവരെ സൈന്യത്തിന്റെ യുദ്ധക്കപ്പലിൽ കൊണ്ടുപോകാനാണ് നീക്കം.
'നൈജീരിയയിൽ എത്തിയാൽ എന്താകുമെന്ന് അറിയില്ല. ഇന്നലെ ഫോണൊക്കെ പിടിച്ചുവച്ചേക്കുകയായിരുന്നു. ഞങ്ങളെ സഹായിക്കണം.' - എന്നാണ് വിജിത്ത് വീഡിയോയിൽ പറയുന്നത്. ചരക്ക് കപ്പലിൽ നിന്ന് കസ്റ്റഡിയിലെടുത്തവരെ നൈജീരിയയ്‌ക്ക് കൈമാറുമെന്ന് ഇന്നലെ റിപ്പോർട്ടുകളുണ്ടായിരുന്നു.
നാവികരുടെ മോചനവുമായി ബന്ധപ്പെട്ട നടപടികൾ തുടരുകയാണെന്ന് ആഫ്രിക്കയിലെ ഇന്ത്യൻ എംബസി ഇന്നലെ അറിയിച്ചിരുന്നു. കപ്പൽ ജീവനക്കാരുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.