മുംബയിൽ നിന്ന് വന്ന സണ്ണി ലിയോൺ ആണ് നമ്മുടെ സംസ്‌കാരത്തിന് യോജിച്ച വസ്ത്രം ധരിച്ചത്, ദർശയുടെ വസ്ത്രം നോക്കൂവെന്ന് നടൻ സതീഷ്; വിമർശനവുമായി സോഷ്യൽ മീ‌ഡിയ

Friday 11 November 2022 12:29 PM IST

പൊതുവേദിയിൽ നടിയുടെ വസ്ത്രധാരണത്തെ കളിയാക്കിയ തമിഴ് താരം സതീഷിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. "ഓ മൈ ഗോസ്റ്റ്" സിനിമയുടെ ലോഞ്ചിനിടെയായിരുന്നു സംഭവം. നായികമാരായ സണ്ണി ലിയോണും ദർശ ​ഗുപ്തയും ചടങ്ങിനെത്തിയിരുന്നു.

സണ്ണി ലിയോണിന്റെയും ദർശയുടെയും വസ്ത്രധാരണത്തെക്കുറിച്ചായിരുന്നു സതീഷ് സംസാരിച്ചത്. സണ്ണി ലിയോൺ പച്ച നിറത്തിലുള്ള സാരിയും ദർശാ ​ഗുപ്ത ക്രോപ് ടോപ്പും ലെഹങ്കയുമാണ് ധരിച്ചിരുന്നത്. ഇരുവരെയും വേദിയിൽ നിർത്തിക്കൊണ്ടായിരുന്നു നടന്റെ വിവാദ പരാമർശം.

"മുംബയിൽ നിന്ന് നമുക്ക് വേണ്ടിയാണ് സണ്ണി ലിയോൺ തമിഴ്നാട്ടിലേക്ക് വന്നത്. അവർ എങ്ങനെയാണ് വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് നോക്കൂ. കോയമ്പത്തൂരിൽ നിന്ന് എത്തിയ ദർശയെ നോക്കൂ. നമ്മുടെ സംസ്കാരത്തിന് യോജിച്ച വസ്ത്രം ധരിച്ചെത്തിയത് സണ്ണി ലിയോൺ ആണ്."- എന്നാണ് സതീഷ് പറഞ്ഞത്. ഇത് കേട്ടയുടൻ നടിയുടെ മുഖഭാവം മാറുന്നത് വീഡിയോയിൽ വ്യക്തമാണ്.

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ സിനിമാ ലോകത്തെ പ്രമുഖർ അടക്കം നിരവധി പേരാണ് സതീഷിനെതിരെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത് തമാശയല്ലെന്നും പുരുഷന്മാരുടെ ഇത്തരം സ്വഭാവത്തിന് എന്നാണ് മാറ്റമുണ്ടാകുക എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ഗായിക ചിന്മയി ചോദിച്ചത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി സതീഷ് രംഗത്തെത്തിയിട്ടുണ്ട്. ദർശയോട് ചോദിച്ചിട്ടാണ് താൻ ഇങ്ങനെ സംസാരിച്ചതെന്നാണ് നടന്റെ പ്രതികരണം."സണ്ണി ലിയോൺ എന്ത് വസ്ത്രമാണ് ധരിക്കുക എന്ന് ദർശയ്‌ക്ക് ആകാംക്ഷയുണ്ടായിരുന്നു. സാരിയുടുത്തുകണ്ടപ്പോൾ നടി അത്ഭുതപ്പെട്ടു. ഞാൻ തമാശയ്‌ക്കാണ് അങ്ങനെ പറഞ്ഞത്. "- സതീഷ് പറഞ്ഞു.

തന്നെപ്പറ്റി സ്റ്റേജിൽ കയറി മോശമായി പറയണമെന്ന് ഏതെങ്കിലും വ്യക്തി ആവശ്യപ്പെടുമോ എന്നാണ് നടി ട്വിറ്ററിലൂടെ മറുപടി നൽകിയിരിക്കുന്നത്.