ഷാരോണുമായുളള പ്രണയബന്ധത്തെക്കുറിച്ച് അറിവില്ല; കേസിലുള്ളത് കെട്ടിച്ചമച്ച ആരോപണങ്ങൾ, ജാമ്യം അനുവദിക്കണമെന്ന് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും

Friday 11 November 2022 8:39 PM IST

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷമയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചു. ഗ്രീഷ്മയും മരണപ്പെട്ട ഷാരോണും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന കാര്യം അറിയില്ലായിരുന്നു. തങ്ങളെ പ്രതികളാക്കി ഗ്രീഷ്മയെ മാനസിക സമ്മർദ്ദത്തിലാഴ്ത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യമെന്നാണ് ജാമ്യ ഹർജിയിലെ ആരോപണം. ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിയുന്നത്. വിഷക്കുപ്പി ഒളിപ്പിച്ച് വെച്ചു എന്നുള്ലത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ഹർജിയിൽ വാദമുന്നയിക്കുന്നുണ്ട്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മലകുമാരൻ എന്നിവരാണ് ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.

അതേസമയം,ഷാരോൺ വധക്കേസിൽ പൊലീസിന് ലഭിച്ച നിയമോപദേശത്തെ തുടർന്ന് അന്വേഷണച്ചുമതല തമിഴ്നാട് പൊലീസിന് കൈമാറാൻ തീരുമാനമായിരുന്നു. ഷാരോണിന്റെ മരണത്തിനു കാരണമായ സംഭവം നടന്നത് തമിഴ്നാട് രാമവർമൻ ചിറയിലായതിനാൽ നിയമപ്രകാരം തമിഴ്നാട് പൊലീസാണ് അന്വേഷണവും തുടർനടപടികളും സ്വീകരിക്കേണ്ടത്.ഷാരോൺ കഷായം കുടിച്ചു ചികിത്സയിലായിരിക്കെ ആശുപത്രി അധികൃതരുടെ അറിയിപ്പും ഷാരോണിന്റെ വീട്ടുകാർ പാറശാല പൊലീസിൽ നൽകിയ പരാതിയുമാണ് കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കാൻ കാരണമായത്.

പാറശാല പൊലീസ് തുടക്കത്തിൽ അസ്വാഭാവിക മരണത്തിനു രജിസ്റ്റർ ചെയ്ത കേസിൽ റൂറൽ ജില്ല ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണമാണ് സംഭവം കൊലപാതകമാണെന്ന് തെളിയാനും ഷാരോണിന്റെ കാമുകി ഗ്രീഷ്മയെയും അമ്മ, അമ്മാവൻ എന്നിവരെയും അറസ്റ്റ് ചെയ്യാനും ഇടയാക്കിയത്. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയശേഷം കുറ്റപത്ര സമർപ്പണത്തിനായി തമിഴ്നാട് പൊലീസിന് കൈമാറാനാണ് നീക്കം. സംസ്ഥാന പൊലീസ് മേധാവി ഇടപെട്ട് തമിഴ്നാട് ഡി.ജി.പി മുഖാന്തരമാകും കേസ് കൈമാറുക. ഷാരോൺ വധം തമിഴ്നാട്ടിൽ പുതിയ ക്രൈം നമ്പറിൽ രജിസ്റ്റർ ചെയ്തശേഷം കളിയിക്കാവിള പൊലീസാകും കുറ്റപത്ര സമർപ്പണവും വിചാരണ നടപടികളും നടത്തുക.

Advertisement
Advertisement