കാനായിയിൽ കാൽപന്തുമായി ഫുട്ബാൾ മിശിഹ

Friday 11 November 2022 9:40 PM IST
പാഴ് വസ്തുക്കൾ കൊണ്ട് ശിൽപി ഉണ്ണികാനായി നിർമ്മിച്ച് നൽകിയ മെസിയുടെ ശില്പത്തിനരികെ ആരാധകരായ കുട്ടികൾ

പാഴ്‌വസ്തുക്കളിൽ നിന്ന് മെസിശില്പമൊരുക്കി ഉണ്ണിക്കാനായി

പയ്യന്നൂർ : ലോക ഫുട്ബാളിന്റെ മാമാങ്കം ഖത്തറിൽ അരങ്ങേറാൻ ദിവസങ്ങൾ ബാക്കിയിരിക്കെ തങ്ങളുടെ ആരാധനാപാത്രത്തിന്റെ ഗംഭീര ശില്പവുമായി ആഘോഷിക്കുകയാണ് കാനായിയിലെ ഒരു സംഘം കുട്ടികൾ. തീർത്തും പ്രകൃതിജന്യമായ പാഴ് വസ്തുക്കൾ ഏഴടി ഉയരമുള്ള മെസിയായി പരിവർത്തനപ്പെട്ടപ്പോൾ കാഴ്ചയെ അത്ഭുതത്തോടെയാണ് ആളുകൾ കാണുന്നത്.

പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പഴയ പേപ്പർ , തുണി, ചകരി ,മൈദപശ ,മാസ്കിംഗ് ടാപ്പ് പ്ലാസ്റ്റർ ഓഫ് പാരിസ് എന്നീ വസ്തുകൾ ഉപയോഗിച്ച് മെസിയുടെ പ്രകൃതി സൗഹൃദശില്പമൊരുക്കി നൽകിയത്.

രണ്ട് കൈയും അരയിൽ വച്ച് ഇടതുകൈയിൽ ടാറ്റുവുമായി

ഫ്രീ കിക്കിന് തയ്യാറെടുത്തുനിൽക്കുന്ന ആരാധകർക്ക് ചിരപരിചിതമായ മെസിയുടെ ദൃശ്യമാണ് ഉണ്ണി കാനായി ഒരുക്കിയത് . കടുത്ത മെസി ആരാധകരായ അർജുൻ, അലോഖ് ,ഋതുരാം , ആഗ്നേയ് ,അഭിജിത്ത് ,നിഖിൽ തുടങ്ങിയവരുടെ സഹായവും ശിൽപ പൂർത്തീകരണത്തിന് വേഗത കൂട്ടിയതായി ഉണ്ണികാനായി പറഞ്ഞു. കുട്ടികളുടെ ഉൽസാഹം കണ്ട് യാതൊരു പ്രതിഫലവും വാങ്ങിയില്ലെന്നും ശില്പി പറയുന്നു.

സമൂഹം ലഹരി മാഫിയകൾക്ക് അടിമപ്പെടുമ്പോൾ പുതിയ തലമുറയുടെ ലഹരി സ്പോർട്സും കലയും സാഹിത്യവും ആകട്ടെ എന്നാണ് ശില്പിയുടെ ആശംസ.പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് ട്രാഫിക് സർക്കിളിൽ തലയുയർത്തി നിൽക്കുന്ന ഫീഫാ വേൾഡ് കപ്പ് ശിൽപവും ഉണ്ണികാനായിയുടെ സൃഷ്ടിയാണ്.

Advertisement
Advertisement