ഗ്യാൻവാപിയിലെ ശിവലിംഗം: സ്ഥലം മുദ്രവച്ച ഉത്തരവ് നീട്ടി

Saturday 12 November 2022 1:50 AM IST

ന്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ അഭിഭാഷക കമ്മിഷൻ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലം മുദ്രവച്ച ഉത്തരവ് സുപ്രീം കോടതി അനിശ്ചിത കാലത്തേക്ക് നീട്ടി. മസ്ജിദിൽ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗം സംരക്ഷിക്കണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് കേസിൽ മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ തുടരും. നിലവിലുള്ള സാഹചര്യം അംഗീകരിക്കാൻ ഹിന്ദു - മുസ്ലിം സംഘടനകൾ തയ്യാറാകണം.

ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിന്റെ സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിന്റെ സുരക്ഷ ഏറ്റെടുക്കാൻ വാരണാസി ജില്ലാകോടതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ മേയിലാണ് ശിവലിംഗം കണ്ടെത്തിയ പ്രദേശം മുദ്രവച്ച് സംരക്ഷിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്.

Advertisement
Advertisement