ഝാർഖണ്ഡിൽ പിന്നാക്ക സംവരണം 77 ശതമാനം

Saturday 12 November 2022 1:22 AM IST

ന്യൂഡൽഹി: എസ്.സി, എസ്.ടിയുൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിൽ നൽകുന്ന സംവരണം 77 ശതമാനമായി ഉയർത്തുന്ന ബിൽ ഝാർഖണ്ഡ് നിയമസഭ പാസാക്കി. പട്ടിക ജാതിക്കാർക്ക് 12 ശതമാനം, പട്ടിക വിഭാഗത്തിന് 28, മറ്റ് പിന്നാക്ക വിഭാഗത്തിന് 27, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 എന്നിങ്ങനെയാണ് സംവരണം. ഇതോടെയാണ് സംവരണ ക്വാട്ട 60 ശതമാനത്തിൽ നിന്നും 77 ആയത്.

നിലവിൽ പട്ടികവർഗക്കാർക്ക് 26 ശതമാനം സംവരണം ലഭിക്കുമ്പോൾ പട്ടികജാതി വിഭാഗക്കാർക്ക് 10 ശതമാനം ലഭിക്കും. ഒ.ബി.സിക്ക് നിലവിൽ 14 ശതമാനം ക്വാട്ടയാണുള്ളത്. എല്ലാ സർക്കാർ സ്ഥാപനത്തിലെയും നിയമനങ്ങളിൽ 77 ശതമാനം സംവരണ വിഭാഗത്തിലൂടെയും 23 ശതമാനം മെറിറ്റിലൂടെയുമായിരിക്കുമെന്ന് ബിൽ വ്യക്തമാക്കുന്നു.

ബി.ജെ.പി എം.എൽ.എമാരുടെ പ്രതിഷേധത്തിനിടയിലാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ഗൂഢാലോചനകൾ പരാജയപ്പെടുത്തിയ സംസ്ഥാനത്തെ ജനങ്ങൾക്കുള്ള സുരക്ഷാ കവചമാണ് ബില്ലെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. പ്രദേശവാസികൾക്ക് ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള ബില്ലും പ്രത്യേക നിയമസഭാസമ്മേളനം പാസാക്കി.

Advertisement
Advertisement