രാത്രി വളരെ വൈകി മൊബൈലിൽ കളിച്ചശേഷം ഉറങ്ങുന്ന പതിവുണ്ടോ? തലച്ചോറിന് പണി കൊടുക്കുന്ന ഈ പ്രശ്‌നങ്ങൾ പിന്നാലെ വരും

Saturday 12 November 2022 11:26 PM IST

നമ്മെ സഹായിക്കാൻ എപ്പോഴും ഒപ്പമുള‌ള ഉപകരണങ്ങളാണ് സ്‌മാർട്ട് ഫോണും ടാബും പോലുള‌ളവ. രാത്രി ഉറങ്ങും മുൻപ് ഇവയിൽ രസികൻ വീഡിയോകളോ സിനിമയോ എല്ലാം കണ്ടിരിക്കുന്ന പതിവ് ഇപ്പോൾ പല കുടുംബങ്ങളിലും യുവാക്കൾ മുതൽ മുകളിലേക്കുള‌ള പലർക്കുമുണ്ട്. ഇങ്ങനെ കണ്ടിരിക്കെ ഉറങ്ങിപ്പോകുന്നതും പതിവുണ്ട്. ഈ ശീലം കൊണ്ട് ശരീരത്തിന് എന്തെല്ലാം കുഴപ്പമുണ്ടെന്ന് ഓ‌ർക്കുന്നുണ്ടോ? പലർക്കും ഇവ അറിയാമെങ്കിലും മതിയായ ശ്രദ്ധ കൊടുക്കുന്നില്ലെന്നും കാണാം.

നമ്മുടെ ശരീരത്തിന് ആറ് മുതൽ ഒൻപത് മണിക്കൂർ വരെ ഓരോരുത്തരുടെയും ശാരീരികാവസ്ഥ അനുസരിച്ച് ഉറക്കം ആവശ്യമാണ്. ഈ ഉറക്കത്തെ തടഞ്ഞാണ് നാം പലപ്പോഴും മറ്റ് കാര്യങ്ങളിൽ മുഴുകുന്നത്. സൂര്യോദയവും അസ്‌തമയവും അനുസരിച്ച് പ്രവർത്തിക്കാൻ രൂപീകരിച്ച ഒന്നാണ് മനുഷ്യ ശരീരം. ആ ശരീരത്തിൽ ഒരു ജൈവഘടികാരമുണ്ട്. അതിന് ശരീര പ്രവർത്തനങ്ങളെ നന്നായി കൊണ്ടുപോകാൻ ഗാഢമായ നല്ല ഉറക്കം ആവശ്യമാണ്. ഇത് ലഭിക്കാതെ വന്നാൽ മതിയാ‌യ വിശ്രമം ലഭിക്കാതെ വന്നാൽ ആദ്യം അത് ശരീരത്തിന്റെ ദഹന പ്രക്രിയയെയും പിന്നീട് ഓ‌ർമ്മയടക്കം കൈകാര്യം ചെയ്യേണ്ട മസ്‌തിഷ്‌കത്തിന്റെ പ്രവർത്തനത്തെയും ബാധിക്കും. ഉറക്കം ശരിയാകാത്ത കാരണം രോഗങ്ങൾ ഇക്കാലത്ത് പതിവായിട്ടുണ്ടെന്നാണ് വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്.

രാത്രി വൈകി ഉറങ്ങുന്നവർ പകൽ നേരം വൈകിയാകും ഉണരുക. ഇത് അവരുടെ ആഹാര രീതികളെയും അവതാളത്തിലാക്കും. മതിയായ ആഹാരം കഴിക്കാതിരിക്കുകയോ അമിതമായ ആഹാരം കഴിക്കുകയോ പലർക്കും ശീലമാകും. ഇത് പ്രശ്‌നങ്ങളിലേക്ക് നീങ്ങുമെന്ന് പറയേണ്ടതില്ലല്ലോ. കൃത്യമായ രീതിയിൽ ഉറക്കവും ആഹാരരീതികളും ആരോഗ്യത്തോടെയിരിക്കാൻ വളരെയധികം ആവശ്യമാണ്.