തിരുവനന്തപുരത്ത് പതിനാറുകാരിയ്ക്ക് ട്യൂഷൻ അദ്ധ്യാപകനിൽ നിന്ന് ക്രൂര മർദ്ദനം, കരണത്തടിയിൽ ബോധരഹിതയായ കുട്ടി ആശുപത്രിയിൽ

Sunday 13 November 2022 3:42 PM IST

തിരുവനന്തപുരം: പ്ളസ് വൺ വിദ്യാർത്ഥിനിയ്ക്ക് ട്യൂഷൻ അദ്ധ്യാപകനിൽ നിന്ന് ക്രൂരമർദ്ദനം. തിരുവനന്തപുരം നീറമൺകരയിലാണ് സംഭവം. തമലം സ്വദേശിനിയായ പതിനാറുകാരിയ്ക്കാണ് മർദ്ദനമേറ്റത്. ക്ളാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നെന്ന പേരിലായിരുന്നു മർദ്ദനം. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

ക്ളാസിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചതിന്റെ പേരിലായിരുന്നു മർദ്ദനം. അദ്ധ്യാപകൻ കരണത്തടിച്ചതിനെത്തുടർന്ന് ബോധരഹിതയായ വിദ്യാർത്ഥിനിയെ സഹപാഠികളുടെ രക്ഷിതാക്കളും പൊലീസും എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. വിദ്യാർത്ഥിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്നു. ചികിത്സയ്ക്ക് ശേഷം കുട്ടിയെ വീട്ടിലേയ്ക്ക് വിട്ടയച്ചു.

വർഷങ്ങളായി മകളെ പഠിപ്പിക്കുന്ന അദ്ധ്യാപകനായതിനാൽ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടില്ല. സംഭവത്തിന് പിന്നാലെ കരമന പൊലീസ് മാതാപിതാക്കളെ സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ മൊഴി എടുത്തതിന് ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.