അടുത്ത സ്വാതന്ത്ര്യദിനത്തിന് മുൻപ് കേരളത്തിന് ലഭിക്കും കേന്ദ്രത്തിന്റെ സൂപ്പർ സമ്മാനം

Sunday 13 November 2022 3:43 PM IST

ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ആദ്യമായി വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ഓടിത്തുടങ്ങിയത് കഴിഞ്ഞ ദിവസമാണ്. ചെന്നൈ-മൈസൂരു റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിൻ ഫ്ളാഗോഫ് ചെയ്‌തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് എക്‌‌സ്‌പ്രസ് സർവീസായിരുന്നു ഇത്. ഇപ്പോൾ 110 കിലോമീ‌റ്റർ പരമാവധി വേഗത്തിൽ സഞ്ചരിക്കുന്ന ഈ സർവീസ് കോൺക്രീറ്റ് വേലികൾ സുരക്ഷയ്‌ക്കായി നിർമ്മിച്ചാൽ 160കിലോമീ‌റ്റർ വേഗത്തിൽ വരെ സഞ്ചരിക്കാനാകും.

കേരളത്തിലടക്കം രാജ്യത്തിന്റെ മിക്ക ഭാഗത്തേക്കും വന്ദേ ഭാരത് സർവീസ് വ്യാപിപ്പിക്കാനുള‌ള തീരുമാനമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത സ്വാതന്ത്ര്യദിനത്തിനകം 75 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കും. അതിന് ശേഷം ഒരുവർഷത്തിനകം 400 വന്ദേഭാരത് ട്രെയിനുകൾ രാജ്യത്ത് ഓടിത്തുടങ്ങുമെന്നാണ് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചത്. നിലവിൽ ന്യൂഡൽഹി- വാരണാസി ജംഗ്‌ഷൻ, ന്യൂഡൽഹി- ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര, മുംബൈ- ഗാന്ധി നഗർ, ന്യൂഡൽഹി- അംബ് അന്ദൗറ, ചെന്നൈ- മൈസൂരു എന്നിവയാണ് നിലവിൽ സർവീസ് നടത്തുന്നത്.

ഐ.സി.എഫ്, കപൂർത്തല കോച്ച് ഫാക്‌ടറി, റായ്‌ബറേലി മോഡേൺ കോച് ഫാക്‌ടറി എന്നിവിടങ്ങളിൽ നിലവിൽ വന്ദേ ഭാരത് നിർമ്മാണം നടക്കുകയാണ്. പകൽ യാത്രയ്‌ക്ക് എസി ചെയർകാറും രാത്രി യാത്രയ്‌ക്ക് ബർത്തുകളും ആണ് ഉപയോഗിക്കുക. വെറും 140 സെക്കന്റിൽ പരമാവധി വേഗമായ 160 കിലോമീ‌റ്റർ ആർജിക്കാനാകും. മികച്ച ഡിസൈൻ കാരണം യാത്രാസമയത്തിൽ കുറവുണ്ടാകും. ചെയർകാറുകളുള‌ള എസി കോച്ചുകളാണ് വന്ദേഭാരത് ട്രെയിനിലുള‌ളത്. മൊബൈൽ, ലാപ് ചാർജിംഗ് സ്ളോട്ടുകളും തനിയെ അടയുകയും തുറക്കുകയും ചെയ്യുന്ന വാതിൽ, സിസിടിവി, എമർജൻസി ടോക്ക് ബാക്ക് സംവിധാനം ഇവയുമുണ്ട്.

കേരളത്തിലേക്ക് വന്ദേഭാരത് എക്‌സ്‌പ്രസിന്റെ രണ്ട് റേക്കുകൾ എത്തിക്കും. 16 പാസഞ്ചർ കാറടങ്ങിയതാണ് ഇത്. ഇരിപ്പിടം 1128 ആണ്. തിരുവനന്തപുരം ഡിവിഷനിലാണ് ഇവയുണ്ടാകുക. തിരുവനന്തപുരത്തിന് പുറമേ ചെന്നൈ (ആറ്), കോയമ്പത്തൂർ (3), ട്രിച്ചി (2) എന്നിവിടങ്ങളിലും റേക്ക് ലഭിക്കും എന്നാൽ വന്ദേ ഭാരതിന് ഓടാൻ അനുയോജ്യമായ ട്രാക്കുകൾ ഇനിയും കേരളത്തിലില്ല. അൽപം വേഗം കുറച്ചാകും ഇവ കേരളത്തിൽ സർവീസ് നടത്തുക.