ഫ്ലക്സ് ബോർഡുകളാൽ നിറഞ്ഞ് നെടുമങ്ങാട്

Monday 14 November 2022 1:37 AM IST

നെടുമങ്ങാട്: നെടുമങ്ങാട് നഗരമിന്ന് ഫ്ലക്സ് ബോർഡുകളാൽ സമ്പുഷ്ടമാണ്. നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശവും നടപ്പാതകളും വിവിധ രാഷ്ട്രീയ കക്ഷികളും, സ്വകാര്യ വ്യക്തികളും സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകളാൽ നിറഞ്ഞിരിക്കുന്നു. അതുമൂലം യാത്രക്കാരുടെയും വാഹനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുകയാണ്. പരിപാടികൾ കഴിഞ്ഞതിനുശേഷവും എടുത്തുമാറ്റാത്ത ഫ്ലക്സ് ബോർഡുകൾ നെടുമങ്ങാട് പരിസര പ്രദേശങ്ങളിലുണ്ട്. ആശുപത്രിയിലും റവന്യു ടവറിനുള്ളിലും സർക്കാർ ഓഫീസുകൾക്ക് മുൻപിലും പൊലീസ് സ്റ്റേഷൻ പരിസരത്തുമുൾപ്പെടെയുള്ള അവസ്ഥ ഇതു തന്നെ. ഫുട്പാത്തിലും മറ്റുമായി സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡുകൾ വഴിയാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിലാഴ്ത്തുന്നു.

ബസ് സ്റ്റാൻഡിന് അകത്തേക്ക് പ്രവേശിക്കുന്ന നടപ്പാതകൾ പോലും ഫ്ലക്സ് ബോർഡുകളാൽ നിറഞ്ഞതുകാരണം ആളുകൾക്ക് റോഡിൽ ഇറങ്ങി നടക്കണം. ഇത് പല അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. അനധികൃതമായി സ്ഥാപിച്ചിരിക്കുന്നതും യാത്രാതടസം സൃഷ്ടിക്കുന്നതുമായ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റുന്നതിന് നഗരസഭ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഭരണകർത്താക്കൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും പരാതി.

 ഉത്തരവിനെ കാറ്റിൽ പറത്തി

പാതയോരങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്ന കോടതി ഉത്തരവിനെ കാറ്റിൽ പറത്തിക്കൊണ്ടാണ് ഇത്തരത്തിൽ തോരണങ്ങളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നത്. ഇതിൽ എല്ലാരാഷ്ട്രീയ പാർട്ടികളും ഉൾപ്പെടുന്നു എന്നതാണ് വാസ്തവം. മീറ്റർ കണക്കിന് നീളമുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് മൂലം വാഹന യാത്രക്കാർക്ക് പോലും ബുദ്ധിമുട്ട് ആകുന്നുണ്ട്. ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഭീമമായ ഫ്ലക്സ് ബോർഡുകൾ വലിയ അപകടങ്ങളാണ് സൃഷ്ടിക്കുന്നതും.

 ചരിത്ര സ്മാരകത്തെ മറക്കുന്നു

നെടുമങ്ങാട്ടുകാരുടെ അഭിമാനമായിരുന്നു പൊന്നറ ജി. ശ്രീധർ. ആദ്യ നിയമസഭയിലെ അംഗമായിരുന്ന പൊന്നറ ജി. ശ്രീധറിന്റെ സ്മാരകമായി, നെടുമങ്ങാട് മാർക്കറ്റ് സ്ക്വയറിൽ നിർമ്മിച്ച പാർക്ക് ഇന്ന് ഫ്ലക്സ് ബോർഡുകളാൽ കാണാൻ പറ്റാത്ത അവസ്ഥയിലാണ്. തലസ്ഥാനമായ തിരുവന്തപുരത്ത് റെയിൽവേ സ്റ്റേഷന്റെ മുൻവശത്തുൾപ്പെടെ ജില്ലയുടെ മറ്റിടങ്ങളിലായി പൊന്നറയുടെ സ്മാരകം ഏറ്റവും മനോഹരമായി സംരക്ഷിച്ചിട്ടുണ്ട്. എന്നാൽ, പൊന്നറ ജനിച്ചുവളർന്ന താലൂക്കിലെ സ്മാരകത്തിന് ഫ്ലക്സ് ബോർഡുകളുടെ വേലിക്കുള്ളിൽ നിന്നും മോചനമില്ല. നെടുമങ്ങാടിന്റെ ചരിത്രത്തിൽ പകരം വയ്ക്കാനാവാത്ത പ്രതിഭയുടെ സ്മാരകമാണ് ആരും തിരിഞ്ഞുനോക്കാനില്ലാതെ നശിക്കുന്നത്.

Advertisement
Advertisement