യോദ്ധാവ് ക്ളിക്കായി; ആയിരം കടന്ന് ലഹരിവിവരങ്ങൾ

Monday 14 November 2022 12:37 AM IST

തൃശൂർ: സംസ്ഥാനത്തെ ലഹരിപദാർത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പൊലീസ് രൂപം നൽകിയ പദ്ധതിയായ യോദ്ധാവിലേക്ക് കഴിഞ്ഞമാസം ആറുമുതൽ 31 വരെ പൊലീസിന് രഹസ്യവിവരം കൈമാറിയത് 1131 പേർ.
അതത് ജില്ലാ പൊലീസിന് കൈമാറിയ വിവരം പരിശോധിച്ച് കൃത്യമായ ഇടപെടലും നടപടികളും സ്വീകരിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഫോട്ടോ, വീഡിയോ, ടെ‌ക്‌സ്റ്റ്, വോയിസ് എന്നിവയായാണ് വാട്‌സ്ആപ്പ് നമ്പറിലൂടെ പൊലീസിന് കൈമാറിയത്.

മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങൾ സ്വകാര്യമായി പങ്കുവയ്ക്കാനാകുന്ന ഹെൽപ് ലൈൻ നമ്പറാണിത്. ഈ നമ്പറിലേക്ക് വിളിച്ചുസംസാരിക്കാനാകില്ല. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആന്റി നാർക്കോട്ടിക് ക്ലബ്ബുകൾ ആരംഭിച്ചിട്ടുണ്ട്. വിദ്യാലയ മേധാവിമാരെ ചെയർമാൻമാരാക്കി ഒരു അദ്ധ്യാപകനെ യോദ്ധാവായി തെരഞ്ഞെടുത്താണ് പ്രവർത്തനം.

വിദ്യാർത്ഥികളും പി.ടി.എ പ്രതിനിധികളും ക്ലബ്ബിന്റെ ഭാഗമാണ്. ഇവർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി സ്‌റ്റേഷൻതലത്തിലും ഒരു പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ വിവരങ്ങൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്ന്: 144.
തിരുവനന്തപുരം റൂറൽ: 104.
ആലപ്പുഴ: 76
തിരുവനന്തപുരം സിറ്റി: 54,
കൊല്ലം സിറ്റി: 49,
കൊല്ലം റൂറൽ: 51,
പത്തനംതിട്ട: 42,
കോട്ടയം: 51,
ഇടുക്കി: 34,
എറണാകുളം സിറ്റി: 69,
എറണാകുളം റൂറൽ: 74,
തൃശൂർ സിറ്റി: 60,
തൃശൂർ റൂറൽ: 39,
പാലക്കാട്: 52,
കോഴിക്കോട് സിറ്റി: 61,
കോഴിക്കോട് റൂറൽ: 67,
വയനാട്: 19,
കണ്ണൂർ സിറ്റി: 48,
കണ്ണൂർ റൂറൽ: 10,
കാസർകോട്: 27

പാർശ്വഫലങ്ങൾ കൂടുന്നു


ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങൾ മാത്രമല്ല സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമുള്ള ബന്ധങ്ങളെയും ബാധിക്കും. ലഹരിവസ്തുക്കൾ നൽകുന്ന ആനന്ദം ക്ഷണികമെങ്കിലും അവയുടെ പാർശ്വഫലങ്ങൾ കൂടുകയാണെന്ന് വിദഗ്ദ്ധർ പറയുന്നു. ബുദ്ധി, ബോധം, ഓർമ, ആത്മനിയന്ത്രണം എന്നിവയെ ബാധിക്കുന്നുണ്ട്.

ഏകാഗ്രത നഷ്ടം, പ്രശ്‌നപരിഹാരത്തിന് കഴിയാതെ വരിക, ചിത്തഭ്രമം എന്നിവയും ലഹരിവസ്തുക്കളുടെ പാർശ്വഫലങ്ങളാണ്.

മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വിതരണം ചെയ്യുന്നതായോ

ശ്രദ്ധയിൽപ്പെട്ടാൽ വിവരം വാട്‌സ്ആപ്പ് വഴി അറിയിക്കാം: യോദ്ധാവ് - 9995966666.

Advertisement
Advertisement